Saturday, May 11, 2024
keralaNewspolitics

സിപിഎം നേതൃത്വത്തെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ്

കണ്ണൂര്‍ :ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സുമായി സഖ്യം ചേരുന്നതിന് ഉപാധികള്‍ വച്ച സിപിഎം നേതൃത്വത്തെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ രംഗത്ത്. ഉറുമ്പ് ആനയ്ക്കു കല്യാണം പറഞ്ഞപോലെയാണ് കോണ്‍ഗ്രസ്സിനു മുന്നില്‍ സിപിഎമ്മിന്റെ ഉപാധികളെന്ന് സുധാകരന്‍ പരിഹസിച്ചു. 24 ശതമാനം വോട്ടുള്ള കോണ്‍ഗ്രസ്സിനു മുന്നിലാണ് 1.6 ശതമാനം മാത്രം വോട്ടുള്ള സിപിഎം ഉപാധി പറയുന്നത്. കോണ്‍ഗ്രസ്സിനെ കൂടാതെ മതേതര സഖ്യം സൃഷ്ടിക്കാനാകില്ല. അതുകൊണ്ടുതന്നെ സിപിഎം മുന്നോട്ടുവച്ച ഉപാധികളെ പരമപുച്ഛത്തോടെ എഴുതിത്തള്ളാന്‍ മാത്രമേ കഴിയൂവെന്ന് സുധാകരന്‍ പറഞ്ഞു.

നേരത്തെ, ബിജെപിക്കെതിരെ ആരുമായും സഹകരിക്കാന്‍ തയാറാണെന്ന് വ്യക്തമാക്കി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എസ്.രാമചന്ദ്രന്‍ പിള്ളയാണ് കോണ്‍ഗ്രസ്സുമായി സഹകരിക്കുന്നതിന് ഉപാധികള്‍ വച്ചത്. സഖ്യത്തിന്റെ ഭാഗമാകണോ എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നവ ഉദാരവല്‍ക്കരണത്തെയും വര്‍ഗീയതയെയും തള്ളിപറയാന്‍ കോണ്‍ഗ്രസ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് സുധാകരന്‍ മറുപടിയുമായി രംഗത്തെത്തിയത്.

ഇന്ത്യയില്‍ ആകെ വളരെ കുറച്ചു സംസ്ഥാനങ്ങളില്‍ മാത്രമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് പച്ചപിടിക്കാനായതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി. ബംഗാള്‍, ത്രിപുര, കേരള, പഞ്ചാബ്, ബിഹാര്‍, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് ഒരുകാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഉണ്ടായിരുന്നത്. അതില്‍ ആന്ധ്രയിലും പഞ്ചാബിലും ബിഹാറിലുമെല്ലാം അവര്‍ തൂത്തുമാറ്റപ്പെട്ടു. ത്രിപുരയിലും ബംഗാളിലും അധികാരം നഷ്ടമായി. ഇവിടങ്ങളിലെല്ലാം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പോലും സാധിക്കാത്ത പരുവത്തിലായി. ആകെ കുറച്ച് പച്ചപ്പുള്ളത് കേരളത്തില്‍ മാത്രം’ സുധാകരന്‍ ചൂണ്ടിക്കാട്ടി.