Friday, May 10, 2024
indiakeralaNews

സാമ്പത്തിക സംവരണം, തീരുമാനം പാര്‍ലമെന്റിന്; സുപ്രിംകോടതി

രാജ്യത്ത് ജാതി സംവരണം ഇല്ലാതായേക്കുമെന്ന് സുപ്രിംകോടതി പരാമര്‍ശം. മറാത്ത സംവരണ നിയമം ചോദ്യം ചെയ്തുള്ള ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജാതി സംവരണം ഇല്ലാതായേക്കാമെന്ന സുപ്രിംകോടതി യുടെ പരാമര്‍ശം. പകരം സാമ്പത്തിക സംവരണമായിരിക്കും നിലനില്‍ക്കുക എന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റാണെന്നും സുപ്രിംകോടതി പരാമര്‍ശിച്ചു.സാമ്പത്തിക സംവരണം നിലനിര്‍ത്തുന്നത് അടിസ്ഥാനപരവും നയപരവുമായ കാര്യമായതിനാല്‍ പാര്‍ലമെന്റാണ് തീരുമാനം എടുക്കേണ്ടതെന്നും കോടതി പറഞ്ഞു. പരിഷ്‌കൃത സമൂഹത്തില്‍ ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തേക്കാള്‍ സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണം എന്ന വാദം സ്വീകരിക്കാവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു. സംവരണം കാരണമുണ്ടാകുന്ന അസമത്വം എത്ര തലമുറകള്‍ തുടരുമെന്നും കോടതി ചോദിച്ചു.

സംവരണ പരിധി മറികടന്നുള്ള മറാത്ത സംവരണം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ 1992 ലെ മണ്ഡല്‍ കമ്മീഷന്‍ വിധി പുനപരിശോധിക്കണോ എന്നതില്‍ സുപ്രിംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ച് വാദം പൂര്‍ത്തിയാക്കി. സംവരണ പരിധി 50 ശതമാനം കടക്കാന്‍ പാടില്ലെന്നാണ് ഇന്ദിരാ സാഹിനി കേസിലെ വിധി. ആ തീരുമാനം പുനപരിശോധിക്കണമെന്നായിരുന്നു കേരളമടക്കമുള്ള നിരവധി സംസ്ഥാനങ്ങളുടെ വാദം.ഇന്ദിരാ സാഹിനി കേസില്‍ സാമൂഹിക പിന്നാക്കാവസ്ഥ മാത്രമായിരുന്നു പരിഗണിച്ചിരുന്നത്. സാമ്പത്തിക പിന്നാക്കാവസ്ഥ കൂടി പരിഗണിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു, എസ്. അബ്ദുള്‍ നസീര്‍, ഹേമന്ത് ഗുപ്ത, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേട്ടത്.