Sunday, April 28, 2024
indiakeralaNews

സര്‍വ്വകാല റെക്കോര്‍ഡില്‍ വില്‍പ്പന തുടര്‍ന്ന് പെട്രോളും ഡീസലും

രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തുടര്‍ച്ചയായ 23-ാം ദിവസമാണ് പെട്രോളും ഡീസലും ഒരേ വിലയില്‍ വില്‍പ്പന നടത്തുന്നത്. തുടര്‍ച്ചയായ വര്‍ധനവില്‍ പുതിയ റെക്കോര്‍ഡുകള്‍ പിന്നിട്ട് പെട്രോള്‍ രാജ്യത്ത് ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ് വില്‍ക്കുന്നത്. ഡിസല്‍ വിലയും പിന്നാലെ തന്നെയുണ്ട്. ചിലയിടങ്ങളില്‍ ഡീസലിനും 100 രൂപയ്ക്ക് മുകളിലാണ്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇത്രയും ദിവസം പെട്രോള്‍, ഡീസല്‍ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്.

തിരുവനന്തപുരത്ത് പെട്രോളിന് 103.95 രൂപയാണ് ഇപ്പോഴത്തെ വില. കൊച്ചിയില്‍ 102.06 രൂപയും കോഴിക്കോട് 102.26 രൂപയുമാണ് ഇന്നത്തെ പെട്രോള്‍ വില. ജൂലൈ 15നാണ് ഡീസല്‍ വില അവസാനമായി വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് 96.47 രൂപയും കൊച്ചിയില്‍ 94.82 രൂപയുമാണ് ഒരു ലിറ്റര്‍ ഡീസലിന്റെ ഇന്നത്തെ വില. കോഴിക്കോട് ഡീസലിന് 95.10 രൂപയുമാണ്. ജൂലൈ 17ന് ആണ് രാജ്യത്ത് അവസാനമായി പെട്രോള്‍ വര്‍ധിപ്പിച്ചത്. 30 പൈസയായിരുന്നു അന്ന് കൂടിയത്.

രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലെ നിരക്ക് ഇങ്ങനെ,

മുംബൈ:

പെട്രോള്‍- 107.83 രൂപ

ഡീസല്‍ – 97.43 രൂപ

ഡല്‍ഹി:

പെട്രോള്‍- 101.84 രൂപ

ഡീസല്‍ – 89.87 രൂപ

ചെന്നൈ:

പെട്രോള്‍- 102.49 രൂപ

ഡീസല്‍ – 94.39 രൂപ

കൊല്‍ക്കത്ത:

പെട്രോള്‍- 102.08 രൂപ

ഡീസല്‍ – 93.02 രൂപ

ബെംഗളൂരു:

പെട്രോള്‍- 105.25 രൂപ

ഡീസല്‍ – 95.26 രൂപ

ജനുവരി മുതല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വില വര്‍ധിച്ച് സര്‍വ്വകാല റെക്കോര്‍ഡുകള്‍ തിരുത്തിക്കൊണ്ടിരുന്നു. എന്നാല്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ഇടക്കാലത്ത് വര്‍ധനവ് നിലച്ചിരുന്നു. അതിന് ശേഷം ഇപ്പോഴാണ് വില മാറ്റമില്ലാതെ ഇത്രയും ദിവസം തുടരുന്നത്.

ആഗോള വിപണിയില്‍ ഇന്ധനവിലയിലുണ്ടായ ഇടിവാണ് നിലവില്‍ ഇന്ധനവില രാജ്യത്ത് കൂടാതെ ഇരിക്കാനുള്ള കാരണം. ആഗോള ക്രൂഡ് വില ജൂലൈയില്‍ ബാരലിന് 70 ഡോളര്‍ മുതല്‍ ബാരലിന് 77 ഡോളര്‍ വരെ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇത് വീണ്ടും 70ന് താഴേക്ക് പതിച്ചു. ഇന്റര്‍കോണ്ടിനെന്റല്‍ എക്‌സ്‌ചേഞ്ചിലെ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ഒക്ടോബര്‍ കരാര്‍ ബാരലിന് 70.70 ഡോളറാണ്.

വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകളും ആഗോളതലത്തില്‍ വ്യാവസായിക വീണ്ടെടുക്കല്‍ മന്ദഗതിയിലാക്കിയതും യുഎസ് എണ്ണ ശേഖരം വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആഗോള വിപണിയില്‍ ഇന്ധനവില ഇടിയാന്‍ കാരണമായത്. അതേസമയം ആഗോള വിപണിയിലെ ഇടിവ് പ്രാദേശിക തലത്തില്‍ പ്രതിഫലിക്കുന്നില. നിലവിലുള്ള വില തുടരുകയാണ് എണ്ണ കമ്പനികള്‍ ചെയ്യുന്നത്.