Tuesday, May 7, 2024
indiaNewsSports

പാകിസ്താനെ തകര്‍ത്ത് വനിത ലോകകപ്പില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ഇന്ത്യ- 245 , പാകിസ്താന്‍ 43 ഓവറില്‍ 137ന് ഓള്‍ ഔട്ട്
മൗണ്ട് മാംഗുനയ്: വനിത ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെ തകര്‍ത്ത് വനിത ലോകകപ്പില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇന്ത്യന്‍ ബൗളര്‍മാരും ബാസമാന്‍മാരും നിറഞ്ഞാടിയ മത്സരത്തില്‍ റണ്‍സിനാണ് ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 245 റണ്‍സിന്റെ വിജയ ലക്ഷ്യത്തിനു മുന്നില്‍ പകച്ചു പോയ പാകിസ്താന്‍ 43 ഓവറില്‍ 137 റണ്‍സെടുത്ത് ഓള്‍ ഔട്ടാവുകയായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി സ്മൃതി മന്ഥനയും സ്‌നേഹ് റാണയും പൂജ വസ്ത്രകാറുമാണ് ഉജ്ജ്വല പ്രകടനം കാഴ്ച്ച വച്ചത്. ദീപ്തി ശര്‍മ്മയും ഭേദപ്പെട്ട സ്‌കോറുമായി ഇവര്‍ക്ക് പിന്തുണ നല്‍കി. ഒരു ഘട്ടത്തില്‍ ആറു വിക്കറ്റിന് 114 റണ്‍സെന്ന നിലയില്‍ നിന്നാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോര്‍ അടിച്ചെടുത്തത്. ഏഴാം വിക്കറ്റില്‍ സ്‌നേഹ് റാണയും പൂജ വസ്ത്രകാറും ചേര്‍ന്ന് നേടിയ 122 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്. മൂന്നാം ഓവറില്‍ തന്നെ സ്റ്റാര്‍ ബാറ്റര്‍ ഷെഫാലി വര്‍മ്മയെ നഷ്ടമായെങ്കിലും ദീപ്തി ശര്‍മ്മയുമായി ചേര്‍ന്ന് സ്മൃതി മന്ഥാന ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. സ്‌കോര്‍ 96 ല്‍ നില്‍ക്കെ 40 റണ്‍സെടുത്ത ദീപ്തി ശര്‍മ്മ പുറത്തായി. തൊട്ടുപിന്നാലെ സ്മൃതി മന്ഥാനയും പുറത്തായതോടെ ഇന്ത്യ മൂന്ന് വിക്കറ്റിന് 98 റണ്‍സ് എന്ന നിലയിലായി. 10 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ഹര്‍മന്‍ പ്രീത് കൗറിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. സ്‌കോര്‍ 112ല്‍ വച്ച് റിച്ചാ ഘോഷും 116 ലെത്തിയപ്പോള്‍ ക്യാപ്ടന്‍ മിതാലി രാജും പവലിയന്‍ കയറിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി.
എന്നാല്‍ ഏഴാം വിക്കറ്റില്‍ ഒരുമിച്ച് ചേര്‍ന്ന സ്‌നേഹ് റാണ പൂജ വസ്ത്രകാര്‍ സഖ്യം ഉജ്ജ്വല ബാറ്റിംഗ് പുറത്തെടുത്തതോടെ കളി ഇന്ത്യയുടെ വരുതിയിലായി. 59 പന്തില്‍ 67 റണ്‍സെടുത്ത പൂജ പാക് ബൗളര്‍മാരെ കണക്കിന് ശിക്ഷിച്ചു. എട്ട് മനോഹരമായ ബൗണ്ടറികള്‍ പൂജയുടെ ഇന്നിംഗ്‌സിന് മാറ്റേകി. മറുവശത്ത് 48 പന്തില്‍ 53 റണ്‍സെടുത്ത് സ്‌നേഹ് റാണ പുറത്താകാതെ നിന്നു. സ്മൃതി മന്ഥന 52 റണ്‍സും ദീപ്തി ശര്‍മ്മ 40 റണ്‍സുമെടുത്തു. പാകിസ്താനു വേണ്ടി നിദ ദറും നസ്ര സന്ധുവും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
245 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താന്‍ ഒരു ഘട്ടത്തില്‍ പോലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ഒരു കൂട്ടുകെട്ടിനേയും നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. ഓപ്പണര്‍ സിദ്ര അമീന്‍ മാത്രമാണ് പിടിച്ചു നിന്നത്. 30 റണ്‍സെടുത്ത അമീനൊപ്പം വാലറ്റത്ത് പൊരുതിയ ഡയാന ബേഗ് ആണ് പാകിസ്താനെ നാണം കെട്ട തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. ഡയാന ബേഗ് 24 റണ്‍സെടുത്തു.ഇന്ത്യയ്ക്ക് വേണ്ടി രാജേശ്വരി ഗെയ്ക്ക്വാദ് 31 റണ്‍സിന് നാല് വിക്കറ്റുകള്‍ വീഴ്ത്തി. ജുലന്‍ ഗോസ്വാമിയും സ്‌നേഹ് റാണയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച പിന്തുണ നല്‍കി. പൂജ വസ്ത്രകാര്‍ ആണ് പ്ലേയര്‍ ഓഫ് ദ മാച്ച്.