Friday, May 3, 2024
keralaNews

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത മണിക്കൂറുകളോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നും അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ശക്തിപ്രാപിക്കുന്നുവെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിലുണ്ട്.

പ്രധാനമായും മദ്ധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് മഴ കനക്കുക. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ മഴ മുന്നറിയിപ്പുണ്ട്. ഇവിടങ്ങളില്‍ 7 മുതല്‍ 11 സെ.മീ വരെയുള്ള മഴയ്ക്ക് സാദ്ധ്യതയുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇതിനെത്തുടര്‍ന്ന് കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് ബുധനാഴ്ച്ച വരെ മത്സ്യ ബന്ധനം വിലക്കി.സംസ്ഥാനത്ത് രണ്ടുദിവസമായി മഴ തുടരുകയാണ്.