Monday, April 29, 2024
HealthkeralaNews

നിപ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി കേരളം

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി കേരളം. മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കും ഐസൊലേഷനുമായി സജ്ജമാക്കിയിട്ടുണ്ട്.അതേസമയം സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം വര്‍ധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. മരിച്ച കുട്ടിയുമായി അടുത്തിടപഴകിയ 7 പേരുടെ പരിശോധനാ ഫലം വൈകീട്ടോടെ ലഭിക്കും. ആടില്‍ നിന്ന് രോഗം പകരാനുള്ള സാധ്യതയില്ലെന്നും വീട്ടില്‍ വളര്‍ത്തുന്ന ആടിന് അസുഖം ബാധിച്ചത് നിപയുമായി ബന്ധമില്ലെന്നും മന്ത്രി അറിയിച്ചു. നിപ പ്രതിരോധം മെഡിക്കല്‍ കോളജിലെ കൊവിഡ് ചികിത്സയെ ബാധിക്കില്ല. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കും. ഉറവിടം കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണനയെന്നും മന്ത്രി പറഞ്ഞു.

നിപ രോഗികള്‍ക്ക് മാത്രമായി നെഗറ്റീവ് പ്രഷര്‍ ഐസിയുവും സജ്ജീകരിച്ചിട്ടുണ്ട്. ഹൈ റിസ്‌കിലുള്ളവരെ മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഐസിയു ബെഡുകളുടേയും വെന്റിലേറ്ററുകളുടേയും ലഭ്യത ഉറപ്പാക്കുന്നതാണെന്നും രോഗിയുമായി സമ്പര്‍ക്കത്തിലുള്ളവരെ അടിയന്തരമായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് സൗകര്യം ഉറപ്പുവരുത്തുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിപ പ്രതിരോധവുമായി ബന്ധപ്പെട്ട ജീവനക്കാരുടെ ഒഴിവുകള്‍ ഉടന്‍ നികത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

നിപ പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ ചെയ്യാനുള്ള സൗകര്യമൊരുക്കും. എന്‍ഐവി പൂനയുമായി സഹകരിച്ച് പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റിംഗ് അവിടെ നടത്തും. അത് ഒരിക്കല്‍ കൂടി കണ്‍ഫോം ചെയ്യാന്‍ എന്‍ഐവി പൂനയിലേക്ക് അയയ്ക്കും. 12 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം അറിയിക്കുന്നതാണ്