Saturday, April 27, 2024
HealthkeralaNews

സംസ്ഥാനത്ത് രണ്ട് കുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് കുട്ടികള്‍ക്ക് ഷിഗല്ല ബാക്ടീരിയ സ്ഥിരീകരിച്ചു. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ച കുട്ടികളുടെ കുടുംബാംഗങ്ങളില്‍ ചിലര്‍ക്കും രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. കാരശ്ശേരി പഞ്ചായത്തിലെ ഒന്ന്, 18 വാര്‍ഡുകളിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ബാക്ടീരിയ സ്ഥിരീകരിച്ചത് ആറും പത്തും വയസ്സുള്ള ആണ്‍കുട്ടികളിലാണ് . ഇതില്‍ പത്ത് വയസ്സുകാരനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി പഞ്ചായത്തിലെ ഭക്ഷണശാലകള്‍, ഇറച്ചികടകള്‍, മത്സ്യമാര്‍ക്കറ്റ് എന്നിവടങ്ങളില്‍ പ്രത്യേക സ്‌ക്വാഡ് പരിശോധന ആരംഭിച്ചിരിക്കുകയാണ്.ഷിഗല്ല വിഭാഗത്തില്‍ പെട്ട ബാക്ടീരിയകള്‍ കുടലുകളെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന അണുബാധയാണ് ഷിഗെല്ലോസിസ് .പെട്ടെന്ന് പടര്‍ന്നു പിടിക്കുന്നതാണ് ഈ രോഗം. ഈ രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കമാണ്. ഗുരുതരമാകുമ്പോള്‍ ഇത് രക്തത്തോട് കൂടിയ വയറിളക്കമാകും.മലിനമാക്കപ്പെട്ട വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആണ് രോഗാണു ഉള്ളില്‍ കടക്കുന്നത്. മറ്റ് വയറിളക്കഅതിസാര രോഗങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് അണുജീവികള്‍ ഉള്ളിലെത്തിയാല്‍ മതി രോഗമുണ്ടാകാന്‍. വയറിളക്കം, പനി, തളര്‍ച്ച, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണ് ആരംഭത്തില്‍ കാണുക. വിസര്‍ജ്യത്തില്‍ രക്തമോ കഫമോ കലര്‍ന്നിട്ടുണ്ടെങ്കില്‍ രോഗം ഉറപ്പിക്കാം.രോഗം ബാധിച്ചവര്‍ ഒആര്‍എസ് ലായനി, കരിക്കിന്‍ വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയ ലവണങ്ങള്‍ കലര്‍ന്ന വെള്ളം ധാരാളം കുടിക്കുക. ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണം കഴിക്കുക എന്നിവ നിര്‍ജലീകരണവും ക്ഷീണവും തടയും.തിളപ്പിച്ചാറിയെ വെള്ളം കുടിക്കുകയും ഭക്ഷണപാനീയങ്ങള്‍ മൂടിസൂക്ഷിക്കുകയും വേണം. പുറത്തുനിന്നു ഭക്ഷണം കഴിക്കുമ്പോള്‍ ശുചിത്വമുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുക. പച്ചവെള്ളം കൊണ്ടു തയാറാക്കിയ പാനീയങ്ങള്‍ കുടിക്കാതിരിക്കുക എന്നിവയിലൂടെ രോഗവ്യാപനം തടയാന്‍ സാധിക്കും.