Saturday, May 4, 2024
keralaNews

സംസ്ഥാനത്ത് രണ്ടിടത്ത് മിന്നല്‍ ചുഴലിക്കാറ്റ്

തൃശൂര്‍ : സംസ്ഥാനത്ത് രണ്ടിടത്ത് മിന്നല്‍ ചുഴലിക്കാറ്റ്. കാസര്‍കോട്, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് മിന്നല്‍ ചുഴലിയുണ്ടായത്. കാസര്‍കോട് മാന്യയില്‍ അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. 150 ഓളം മരങ്ങള്‍ കട പുഴകി. തൃശൂരില്‍ ചാലക്കുടി പുഴയുടെ തീരത്ത് കാറ്റില്‍ വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു.കാസര്‍കോട് മാന്യയിലെപട്ടാജെ, മല്ലടുക്ക പ്രദേശങ്ങളില്‍ ഇന്ന് പുലര്‍ച്ചെയോടെ വീശിയടിച്ച മിന്നല്‍ ചുഴലിക്കാറ്റില്‍ വന്‍ നാശ നഷ്ടമാണുണ്ടായത്. അഞ്ച് വീടുകള്‍ക്ക് കേടുപറ്റുകയും 150 ഓളം മരങ്ങള്‍ കട പുഴകുകയും ചെയ്തു. പ്രദേശത്തെ വൈദ്യുതി ബന്ധം അടക്കം തകരാറിലായി. ഉദയകുമാര് ഭട്ട്, സുബ്രഹ്‌മണ്യ ഭട്ട്,സുബ്ബയ്യ നായ്ക്ക് എന്നിവരുടെ വീടുകള്‍ക്കാണ് കൂടുതല്‍ നാശനഷ്ടങ്ങള് ഉണ്ടായത്. ആര്‍ക്കും പരിക്കില്ല.

പല വീടുകള്‍ക്ക് മുകളിലും സ്ഥാപിച്ച ഷീറ്റുകള്‍ കാറ്റില്‍ പറന്നു പോയി. മുന്നൂറോളം വാഴകളും നിരവധി കമുകുകളും നിലപൊത്തിയിട്ടുണ്ട്. ചുഴലിക്കാറ്റില്‍ അരക്കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗനമം. ആദ്യമായാണ് പ്രദേശത്ത് ഇത്തരമൊരു ചുഴലിക്കാറ്റ് ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.തൃശ്ശൂരില്‍ ചാലക്കുടിപ്പുഴ തീരത്ത് പുലര്‍ച്ചെ മൂന്നരയോടെയാണ് കാറ്റ് വീശി അടിച്ചത്. മൂഞ്ഞേലി, തോട്ടവീഥി, കീഴ്താണി മോനിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. ചുഴലിക്കറ്റില്‍ നിരവധി മരങ്ങളും, വൈദ്യുത പോസ്റ്റും തകര്‍ന്നു. വീടുകളുടെ റൂഫിംഗ് ഷീറ്റ് പറന്നുപോയി. മോനിപ്പിള്ളി ക്ഷേത്രത്തിന്റെ മുന്‍വശത്തുള്ള വന്‍ ആല്‍മരം കടപുഴകി. കൃഷി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തുകയാണ്. കഴിഞ്ഞദിവസം മലയോര ഗ്രാമമായ വരന്തരപ്പിള്ളിയിലും മിന്നല്‍ ചുഴലയില്‍ വന്‍നാശനഷ്ടം ഉണ്ടായിരുന്നു.