Monday, April 29, 2024
keralaNews

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു.

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് വില ഉയരാന്‍ കാരണം. സവാളയ്ക്ക് പിന്നാലെ സംസ്ഥാനത്ത് തക്കാളിയുടെ വിലയും കുതിച്ചുയരുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് 10ഉം 15ഉം രൂപ വിലയുണ്ടായിരുന്ന തക്കാളിയ്ക്ക് ഇപ്പോള്‍ എഴുപത് രൂപവരെയാണ് പലയിടത്തും ഈടാക്കുന്നത്.വരും ദിവസങ്ങളില്‍ വില കുതിയ്ക്കാനാണ് സാദ്ധ്യത. നൂറ് രൂപ കടക്കാനും സാദ്ധ്യതയുണ്ട്. ബംഗളൂരുവില്‍ തക്കാളി കിലോയ്ക്ക് എഴുപത് രൂപയാണ് വില. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇത് പത്ത് രൂപയായിരുന്നു. മഴ കനത്തതാണ് ഇവിടങ്ങളില്‍ നിന്നും കേരളത്തിലേക്ക് തക്കാളി അടക്കമുള്ള പച്ചക്കറിയിനങ്ങളുടെ വരവ് കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.കര്‍ണാടകയിലെ കാര്‍ഷിക മേഖലയായ ചിക്കബല്ലാപ്പൂര്‍, കോലാര്‍, ബംഗളൂരു റൂറല്‍ എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ കുറച്ച് ദിവസമായി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മഴ ഈ രീതിയില്‍ തുടര്‍ന്നാല്‍ അറുപത് ശതമാനമെങ്കിലും വിളവ് കുറയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. സവാളയുടെ വിലയിലും കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിരുന്നു.