Saturday, May 18, 2024
keralaNews

മുല്ലപ്പെരിയാറില്‍നിന്ന് 11 മണിക്ക് കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ തമിഴ്നാട്.

മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ തമിഴ്നാട്. നിലവില്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തിയിരിക്കുന്ന ഷട്ടറുകള്‍ 65 സെന്റീമീറ്റര്‍ ഉയര്‍ത്താനാണ് തീരുമാനം. 11 മണിക്കാണ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നത്. പെരിയാറില്‍ ജലനിരപ്പ് ഉയരും. അണക്കെട്ടില്‍ ഇപ്പോള്‍ ജലനിരപ്പ് 139 അടിയിലേക്ക് എത്തുകയാണ്. നിലവില്‍ 3 ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 825 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്. 11 മണി മുതല്‍ ഇത് ഇരട്ടിയാകും.

വൈകിട്ട് 4 മണിക്ക് തേക്കടി പെരിയാര്‍ ഹൗസില്‍ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. കഴിഞ്ഞ ദിവസം ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയിലേക്ക് നിജപ്പെടുത്താന്‍ ആയില്ല. രാത്രിയില്‍ മൂന്നാമത്തെ ഷട്ടര്‍ കൂടി ഉയര്‍ത്തി അധികജലം പുറത്തേക്കൊഴുക്കുകയായിരുന്നു. കേരളത്തിന്റെ നിര്‍ബന്ധപ്രകാരമാണ് മൂന്നാമത്തെ ഷട്ടര്‍ ഉയര്‍ത്താന്‍ തമിഴ്‌നാട് തയ്യാറായത്. ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ജലനിരപ്പ് 138.90 അടിയായി തുടരുകയാണ്.