Monday, May 6, 2024
keralaNews

സംസ്ഥാനത്ത് ഇന്ന് ഒരു ദിവസത്തേക്ക് പ്രഖ്യാപിച്ച ഇളവ് ആഘോഷമാക്കി ജനം.

ലോക്ക്ഡൗണിനിടെ സംസ്ഥാനത്ത് ഇന്ന് ഒരു ദിവസത്തേക്ക് പ്രഖ്യാപിച്ച ഇളവ് ആഘോഷമാക്കി ജനം. പൊതുജനം കൂട്ടത്തോടെ നഗരത്തിലിറങ്ങിയത് പലയിടത്തും വന്‍ ഗതാഗത കുരുക്ക് സൃഷ്ടിച്ചു. ഗ്രാമമേഖലയും ഏറെ നാളുകള്‍ക്ക് ശേഷം സജീവമായി.ആഭരണം, സ്റ്റേഷനറി, കണ്ണട, ചെരുപ്പ്, വസ്ത്രങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളാണ് സംസ്ഥാനത്ത് ഇന്ന് തുറന്നത്. പുസ്തകങ്ങളും ശ്രവണ സഹായികള്‍ വില്‍ക്കുന്ന കടകള്‍ക്കും മൊബൈല്‍ ഷോപ്പുകളും തുറന്നിടത്തൊക്കെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. അറ്റകുറ്റ പണികള്‍ക്കായി ജനം ഇവിടങ്ങളിലേക്ക് ഇരച്ചെത്തി. പലയിടത്തും ഇത്തരം കടകള്‍ക്ക് മുന്നില്‍ സാമൂഹ്യ അകലം പാലിച്ചുളള ക്യു ദൃശ്യമായിരുന്നു.രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണിവരെയാണ് കടകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ നടത്തുന്ന കടകളും വാഹന ഷോറൂമുകളും ഉച്ചയ്ക്ക് രണ്ട് മണിയോടെ അടയ്ക്കും.നാളെയും മറ്റന്നാളും ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാകും സംസ്ഥാനത്ത് നടപ്പാക്കുക. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാകും പ്രവര്‍ത്തനാനുമതി. പഴം, പച്ചക്കറികള്‍, മത്സ്യ -മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് പ്രവര്‍ത്തിക്കാം.ഹോട്ടലുകളില്‍ നിന്നും നാളെയും മറ്റന്നാളും ഹോം ഡെലിവറിയ്ക്ക് മാത്രമാകും അനുമതി.