Thursday, May 2, 2024
keralaNews

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്കും മിന്നലിനും സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉച്ചയ്ക്ക് ശേഷം കനത്ത മഴയ്ക്കും മിന്നലിനും സാധ്യത. ഇന്നലെയെന്ന പോലെ മിക്ക ജില്ലകളിലും ശക്തമായ കാറ്റും ഉണ്ടാകും. സംസ്ഥാനത്തെ കാലാവസ്ഥയെ സ്വാധീനിക്കുന്ന രണ്ടു ചക്രവാത ചുഴികളും ഇപ്പോഴും സജീവമാണ്.തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ ചക്രവാതചുഴിയും ശ്രീലങ്കക്ക് മുകളില്‍ നിലനിന്നിരുന്ന ചക്രവാതചുഴിയും ഒരുമിച്ചു ലയിച്ചു തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ഒറ്റ ചക്രവാതചുഴിയായി മാറി നീങ്ങാന്‍ സാധ്യതയുണ്ട്. ഇതുകൂടാതെ കേരളത്തിന് മുകളിലായി ന്യൂനമര്‍ദ പാത്തിയും നിലവിലുണ്ട്. കേരള തീരത്ത് മണിക്കൂറില്‍ അമ്പതു കിലോമീറ്റര്‍വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ശക്തമായ മിന്നല്‍ സാധ്യത ഉള്ളതിനാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ വിദ?ഗ്ദര്‍ നിര്‍ദേശിച്ചു.

ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂറില്‍ സംസ്ഥാനത്തു പെയ്തത് ശരാശരി 25.4 mm മഴയാണ്. 2022 ല്‍ ഏറ്റവും കൂടുതല്‍ മഴ രേഖപെടുത്തിയ ദിവസമായിരുന്നു ഇന്നലെ. മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 9 വരെ സംസ്ഥാനത്തു ഇതുവരെ 81% അധിക മഴ ലഭിച്ചു. 59 mm ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 106.6 mm മഴ.ജില്ലകളില്‍ തൃശൂര്‍ ഒഴികെയുള്ള എല്ലാ ജില്ലകളിലും ശരാശരിയെക്കാള്‍ കൂടുതല്‍ മഴ ലഭിച്ചു. പത്തനംതിട്ട ( 285.7 mm), കോട്ടയം ( 205.6) എറണാകുളം ( 173.1) ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. തൃശൂര്‍ ( 35 mm) മലപ്പുറം ( 43) ജില്ലകളിലാണ് ഇതുവരെ ഏറ്റവും കുറവ് മഴ ലഭിച്ചത്. തൃശൂരില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 23% കുറവ് മഴയാണ് ഇതുവരെ ലഭിച്ചത്. കാസറഗോഡ് ജില്ലയില്‍ 247% അധിക മഴ രേഖപെടുത്തി. ഈ കാലയളവില്‍ സാധാരണ 20.9 mm മഴ മാത്രം ലഭിക്കേണ്ട സ്ഥാനത്തു ജില്ലയില്‍ 72.5 mm മഴ ലഭിച്ചു.