Thursday, May 2, 2024
keralaNews

സംസ്ഥാനത്ത് ഇന്നലെ ഇടിമിന്നലില്‍ രണ്ട് പേര്‍ മരിച്ചു.

കനത്ത മഴയെത്തുടര്‍ന്നുണ്ടായ മിന്നലില്‍ സംസ്ഥാനത്ത് ഇന്നലെ രണ്ട് പേര്‍ മരിച്ചു. ഇടുക്കി വണ്ണപ്പുറത്ത് കാറ്റാടിക്കടവ് ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ മലയിഞ്ചി കട്ടിക്കയം ജ്യോതിഷ് (30), കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പിനടുത്ത് വെല്‍ഡിങ് തൊഴിലാളി മാങ്ങാട്ടിടം കുറുമ്പുക്കല്‍ കൂട്ടുപുന്നയിലെ മഠത്തുംകണ്ടി ജോയ് (50) എന്നിവരാണു മരിച്ചത്. തെങ്ങനാനിക്കല്‍ സുരേഷിന്റെ മകനാണ്.ജ്യോതിഷിന്റെ ഒപ്പമുണ്ടായിരുന്ന സഹോദരന്‍ അമല്‍, ബോണി ജോസഫ്, ബെന്നി ജോസഫ് എന്നിവര്‍ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇവര്‍ക്കു കാര്യമായ പരുക്കില്ല.

സംസ്ഥാനത്ത് 12 വരെ മിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനല്‍കി ശ്രീലങ്കയ്ക്കു സമീപം രൂപമെടുത്ത ചക്രവാതച്ചുഴിയുടെ സ്വാധീനമാണു കാരണം. ഇന്നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്കു 2 മുതല്‍ രാത്രി 10 വരെ മിന്നലിനു സാധ്യത കൂടുതലായതിനാല്‍, ജാഗ്രത പുലര്‍ത്തണമെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.