Friday, April 26, 2024
keralaNews

ഷെയ്ക് പി ഹാരിസ് എല്‍ജെഡിയില്‍ നിന്ന് രാജിവച്ചു.

എം വി ശ്രെയാംസ് കുമാര്‍ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഷെയ്ക് പി ഹാരിസ് എല്‍ജെഡിയില്‍ നിന്ന് രാജിവച്ചു. അങ്കത്തില്‍ അജയകുമാര്‍, വി രാജേഷ് പ്രേം എന്നിവരും രാജിവച്ചതായി ഷെയ്ക് പി ഹാരിസ് പറഞ്ഞു. എല്‍ ജെ ഡി സംസ്ഥാന പ്രസിഡന്റിന്റെ നയങ്ങളൊട് ചേര്‍ന്ന് പോകാന്‍ പ്രയാസമുണ്ടെന്ന് ഷെയ്ക് പി ഹാരിസ് ചൂണ്ടിക്കാട്ടി.നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം പ്രസിഡന്റിനെന്ന് രാജിവച്ചവര്‍ പറഞ്ഞു. പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അറിയിച്ച് എം വി ശ്രെയാംസ് കുമാറിന് കത്ത് നല്‍കി.

എല്‍ജെഡി സംസ്ഥാന നേതൃത്വത്തില്‍ പൂര്‍ണമായ നേതൃമാറ്റം വേണമെന്ന ആവശ്യം ചര്‍ച്ച ചെയ്യുവാനോ പരിഹരിക്കുവാനോ ശ്രമിച്ചില്ലെന്നും പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികളില്‍ നല്‍കിയിരുന്ന ചുമതലകളില്‍ ഏകപക്ഷീയമായി മാറ്റങ്ങള്‍ വരുത്തുകയും തന്നിഷ്ടക്കാരെ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലും ഭാരവാഹികളായും നോമിനേറ്റ് ചെയ്യുകയും ചെയ്തതായും ഷെയ്ക്ക് പി ഹാരിസ് രാജി കത്തില്‍ ആരോപിച്ചു. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നിട്ട് മാസങ്ങളായി. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ദൈനംദിന പ്രശ്‌നങ്ങളില്‍ ഇടപെടാനോ സമൂഹം നേരിടുന്ന രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാനോ കഴിയാത്ത അവസ്ഥയില്‍ പാര്‍ട്ടി ദുര്‍ബലമായതായും ഷെയ്ക് പി ഹാരിസ് ആരോപിച്ചു.