Friday, May 17, 2024
Newspoliticsworld

ശ്രീലങ്കയില്‍ പ്രധാനമന്ത്രിയുടെ മകനുള്‍പ്പെടെ മന്ത്രിസഭയില്‍ കൂട്ടരാജി

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ പ്രധാനമന്ത്രിയുടെ മകനുള്‍പ്പെടെ മന്ത്രിസഭയില്‍ കൂട്ടരാജി.

പ്രധാനമന്ത്രി മഹീന്ദ രാജപക്സെ ഒഴികെയുള്ള മന്ത്രിസഭയിലെ 26 പേരാണ് രാജിവച്ചത്. മഹീന്ദ രാജപക്സെ പ്രധാനമന്ത്രിയായി തുടരുമെന്നാണ് വിവരം.

മഹീന്ദ രാജപക്സെ രാജിവച്ചുവെന്ന തരത്തിലുള്ള അഭ്യൂഹം ഇന്നലെ രാത്രിയില്‍ പുറത്ത് വന്നിരുന്നു. തൊട്ടുപിന്നാലെ ഇത് നിഷേധിച്ച് കൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തുകയായിരുന്നു.

ഇതിന് തൊട്ടുപിന്നാലെ അര്‍ദ്ധരാത്രിയോടെ പ്രത്യേക ക്യാബിനറ്റ് യോഗം ചേരുകയും, മന്ത്രിമാരെല്ലാം രാജിവയ്ക്കുകയും ചെയ്തുവെന്നാണ് ശ്രീലങ്കയിലെ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രധാനമന്ത്രിയുടെ മകന്‍ നമല്‍ രാജപക്സെയും രാജിവച്ചവരില്‍ ഉള്‍പ്പെടുന്നു. പ്രസിഡന്റുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്.

അതേസമയം രാജ്യത്ത് വലിയ തോതിലുള്ള പ്രതിഷേധം ഇപ്പോഴും തുടരുന്നുണ്ട്. കര്‍ഫ്യു അടക്കം പ്രഖ്യാപിച്ചിട്ടും ജനങ്ങളെ തടഞ്ഞു നിര്‍ത്താന്‍ സാധിച്ചിട്ടില്ല. പലയിടത്തും സൈന്യവുമായും ജനങ്ങള്‍ ഏറ്റുമുട്ടുന്ന സാഹചര്യമാണുളളത്.

ജനകീയ പ്രക്ഷോഭങ്ങള്‍ തടയാന്‍ സമൂഹമാദ്ധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 15 മണിക്കൂറിന് ശേഷം പിന്‍വലിച്ചു.

ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, സ്നാപ്ചാറ്റ്, ടിക്ടോക് തുടങ്ങിയവയാണ് വ്യാജവിവരങ്ങള്‍ തടയാനെന്ന പേരില്‍ വിലക്കിയത്. എന്നാല്‍ സിനിമാതാരങ്ങളും നമല്‍ രാജപക്സെയും ഉള്‍പ്പെടെ ഉള്ളവര്‍ ഇതിനെതിരെ രംഗത്ത് വന്നതോടെ വിലക്ക് പിന്‍വലിക്കുകയായിരുന്നു.