Friday, May 3, 2024
keralaNews

വര്‍ക്കലയില്‍ വിവാഹദിവസം അച്ഛന്‍ കൊല്ലപ്പെട്ട ശ്രീലക്ഷ്മി വിവാഹിതയായി

തിരുവനന്തപുരം വര്‍ക്കലയില്‍ വിവാഹദിവസം അച്ഛന്‍ കൊല്ലപ്പെട്ട ശ്രീലക്ഷ്മി വിവാഹിതയായി.ശ്രീലക്ഷ്മിയുടെ വിവാഹം ഇന്ന് നടന്നു. ശിവഗിരി അമ്പലത്തില്‍ വെച്ചയിരുന്നു വിവാഹം.

അച്ഛന്റെ ചിത്രത്തിനു മുന്നില്‍ പ്രാര്‍ത്ഥിച്ച് കണ്ണീരോടെയാണ് ശ്രീലക്ഷ്മി താലികെട്ടിനായി പോയത്. വിവാഹത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് ശ്രീലക്ഷ്മിയുടെ അച്ഛന്‍ രാജു കൊല്ലപ്പെടുന്നത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് നാട്ടുകാരനായ യുവാവും സംഘവുമാണ് രാജുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

അക്രമികള്‍ ലക്ഷ്യം വെച്ചത് വധുവിനെയാണെന്നും ശ്രീലക്ഷ്മിയെയാണ് ആദ്യം ആക്രമിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. ശ്രീലക്ഷ്മിയെയും വീട്ടില്‍ ഉണ്ടായിരുന്ന മറ്റ് സ്ത്രീകളെയും അക്രമികള്‍ ആക്രമിച്ചിരുന്നു. തടയാന്‍ ചെന്നപ്പോഴാണ് ശ്രീലക്ഷ്മിയുടെ അച്ഛന്‍ രാജുവിന് അടിയേറ്റത്. അക്രമികള്‍ ആശുപത്രി വരെ പിന്തുടര്‍ന്നുവെന്നും മരിച്ചു എന്നറിഞ്ഞപ്പോള്‍ രക്ഷപ്പെട്ടുവെന്നും ശ്രീലക്ഷ്മിയുടെ ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു.