Sunday, May 5, 2024
keralaNews

ശരണമന്ത്രങ്ങളാൽ കാനനപാതയും – അഴുതനദിയും  ഉണർന്നു.

എരുമേലി:ശബരിമല തീർത്ഥാടകരുടെ പരമ്പരാഗത കാനന പാതയിൽ ശരണമന്ത്രങ്ങൾ ഉയർന്നതോടെ ആചാര അനുഷ്ഠാനങ്ങളുടെ കേന്ദ്രമായ അയ്യപ്പന്റെ പൂങ്കാവനവും –  അഴുതനദിയും ഉണർന്നു.കോവിഡ് മഹാമാരിയെ തുടർന്ന് സർക്കാർ കഴിഞ്ഞ രണ്ടുവർഷം അടച്ചിട്ട പാതയാണ്  ഈ തീർത്ഥാടന വേളയിൽ കഴിഞ്ഞ മാസം 31ന് തുറന്നത്. കോയിക്കക്കാവിലും,കാളകെട്ടിയിലും കർശനമായ നിയന്ത്രണങ്ങളോടെയാണ് അയ്യപ്പഭക്തരെ കടത്തിവിടുന്നത്.കാനന പാതയിലൂടെ അയ്യപ്പഭക്തർ എത്തിയതോടെ അഴുതനദി സന്തോഷത്തോടെ കൂടിയാണ് ഒഴുകുന്നത്.ശബരിമല തീർത്ഥാടന വേളയിൽ പതിനായിരക്കണക്കിന് അയ്യപ്പഭക്തർ കുളിക്കുന്ന അഴുതനദിയാണ് അയ്യപ്പ ഭക്തർക്കൊപ്പം സന്തോഷം പങ്കിട്ട് ഒഴുകി പമ്പാനദിയിൽ എത്തുന്നത്.അഴുതയിൽ  നിന്നും കല്ലെടുത്ത് കല്ലിടാൻ കുന്നിൽ നിക്ഷേപിക്കുന്ന  ആചാരവും ഇവിടെ പൂർത്തീകരിക്കപ്പെടുകയാണ്.
കഴിഞ്ഞ രണ്ടു വർഷം നിലച്ച ശരണമന്ത്രങ്ങൾ  വീണ്ടും മുഴങ്ങിയതോടെ കാളകെട്ടിയും അഴുതയും കാനനവുമെല്ലാം സജീവമായി.വനം വകുപ്പിന്റേയും, പോലീസിന്റേയും,അന്നദാനം നൽകുന്ന സന്നദ്ധ സംഘടനകളുടെയും, കച്ചവടക്കാരുടെയും  സഹകരണത്തോടെ അയ്യപ്പഭക്തർ യാത്ര തുടരുകയാണ്.