Monday, May 13, 2024
keralaNews

ശമ്പള പരിഷ്‌ക്കരണം; ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ശമ്പളം നല്‍കും

ശമ്പള പരിഷ്‌ക്കരണ കമീഷന്‍ സമര്‍പിച്ച റിപോര്‍ട് പഠിക്കാന്‍ ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ സര്‍കാര്‍ ജീവനക്കാര്‍ക്ക് പുതിയ ശമ്പളം നല്‍കും. ധനകാര്യ സെക്രടറി അധ്യക്ഷനായി മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. വേഗത്തില്‍ റിപോര്‍ട് വെക്കാനാണ് മന്ത്രിസഭയുടെ നിര്‍ദ്ദേശം.

ജീവനക്കാര്‍ക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ 700 രൂപ മുതല്‍ 3400 രൂപ വരെ ഇന്‍ക്രിമെന്റ അനുവദിക്കാനാണ് ശമ്പള പരിഷ്‌കാര കമീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് നിര്‍ത്തലാക്കാനും കമീഷന്‍ ശുപാര്‍ശ ചെയ്യുന്നു. ജീവനക്കാരുടെ എച്ച് ആര്‍ എ വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണിത്.
2019 ജൂലൈ മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്ന് കമീഷന്‍ റിപോര്‍ടില്‍ ശുപാര്‍ശ ചെയ്യുന്നു. 28 ശതമാനം ഡിഎയും പത്ത് ശതമാനം ശമ്പളവര്‍ധനവും നല്‍കാം. സര്‍കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23000 ആയും കൂടിയ ശമ്പളം 1,66,800 ആയും ഉയര്‍ത്തണമെന്നും കമീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവില്‍ കുറഞ്ഞ ശമ്പളം 16,500ഉം കൂടിയ ശമ്പളം 1,40,000-ഉം ആണ്.

കേന്ദ്ര ശമ്പള പരിഷ്‌ക്കരണത്തിന് ശേഷം മതി അടുത്ത ശമ്പള പരിഷ്‌ക്കണം എന്ന ശുപാര്‍ശയും ശമ്പള പരിഷ്‌കരണ കമീഷന്‍ നല്‍കിയിട്ടുണ്ട്. സര്‍കാരിലേക്ക് സമര്‍പിച്ച റിപോര്‍ട് ഇനി മന്ത്രിസഭയുടെ പരിഗണനയ്ക്ക്. തുടര്‍ന്ന് ധനവകുപ്പിന്റേയും മന്ത്രിസഭയുടേയും തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലാവും ശമ്പളകമീഷന്റെ ശുപാര്‍ശകള്‍ സര്‍കാര്‍ നടപ്പിലാക്കുക.