Wednesday, May 15, 2024
keralaNewspolitics

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ഒത്തുകളിച്ചത് യു.ഡി.എഫും എല്‍.ഡി.എഫും: കുമ്മനം രാജശേഖരന്‍

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ എല്‍.ഡി.എഫുമായി ബി.ജെ.പി ഒത്തുകളിച്ചെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനെതിരെ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. യു.ഡി.എഫും എല്‍.ഡി.എഫുമാണ് ശബരിമല വിഷയത്തില്‍ ഒത്തുകളിച്ചത്. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി യു.ഡി.എഫ് എന്താണ് ചെയ്‌തെന്ന് കുമ്മനം രാജശേഖരന്‍ ചോദിച്ചു.
സംസ്ഥാന നിയമസഭയില്‍ എന്ത് കൊണ്ട് ഒരു നിയമം യു.ഡി.എഫ് കൊണ്ട് വന്നില്ല. യു.ഡി.എഫില്‍ നിന്നും ഒരാള്‍ പോലും ശബരിമല വിഷയത്തില്‍ സമരം ചെയ്തിട്ടില്ലെന്നും കുമ്മനം പറഞ്ഞു.
പാര്‍ട്ടി പറഞ്ഞാല്‍ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആഗ്രഹം തനിക്കില്ല. മത്സരിക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടുമില്ല. എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സര രംഗത്തുണ്ടാകും.
നേമത്ത് ഉമ്മന്‍ ചാണ്ടിയല്ല മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിച്ചാലും നേമത്ത് ബി.ജെ.പി തന്നെ ജയിക്കുമെന്നും അഭിപ്രായപ്പെട്ടു. ബി.ജെ.പിയില്‍ യാതൊരു വിഭാഗിയതയും ഇല്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചത്. പ്രശ്‌നങ്ങള്‍ ഉണ്ടെന്ന തരത്തില്‍ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.