Thursday, May 16, 2024
keralaNewspolitics

പാലാ സീറ്റില്‍ വിട്ടുവീഴ്ചക്കില്ലെന്നു എന്‍.സി.പി. ദേശീയ നേതൃത്വം.

പാലാ സീറ്റില്‍ വിട്ടുവീഴ്ചക്കില്ലെന്നു എന്‍.സി.പി. ദേശീയ നേതൃത്വം. നിലപാട് ശരദ് പവാര്‍ സീതാറാം യെച്ചൂരിയെ അറിയിച്ചു. സിറ്റിങ് സീറ്റ് തോറ്റ പാര്‍ട്ടിക്ക് നല്‍കുന്നതിനോടു യോജിപ്പില്ലെന്നും എന്‍സിപി സിപിഎം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.എന്‍.സി.പി സംസ്ഥാന നേതൃത്വത്തിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇന്ന് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയിലാണ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കിയത്. പാലാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കാനുള്ള സിപിഎം നീക്കങ്ങളെ തുടര്‍ന്നാണ് എന്‍സിപിയില്‍ തര്‍ക്കം രൂപപെട്ടിരിക്കുന്നത്. സിറ്റിംഗ് സീറ്റുകള്‍ വിട്ടു നല്‍കരുതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വികാരം.

സിറ്റിംഗ് സീറ്റുകള്‍ പോയാല്‍ മുന്നണി വിടണമെന്ന നിലപാട് മാണി സി കാപ്പന്‍ പവാറിനെ കണ്ട് ധരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഒരു സീറ്റിന്റെ പേരില്‍ മുന്നണി വിടേണ്ടതില്ല എന്നാണ് ശശീന്ദ്രന്റെ നിലപാട്.ശശീന്ദ്രനെ അനുകൂലിക്കുന്നവര്‍ ദേശീയ സെക്രട്ടറി എന്‍ എ മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ ഇന്നലെ ശരദ് പവാറിനെ കണ്ട് ഇടത് മുന്നണിയില്‍ ഉറച്ചു നില്‍ക്കണമെന്ന നിലപാട് അറിയിച്ചിരുന്നു.മാണി സി കാപ്പനും ശരദ് പവാറുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തിയിരുന്നു. മാണി സി കാപ്പനെ പൂര്‍ണമായി പിന്തുണക്കുന്നതില്‍ നിന്നും കഴിഞ്ഞ ഇടത് മുന്നണി യോഗത്തോടെ സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ പിന്നോട്ട് പോയിട്ടുണ്ട്