Friday, May 3, 2024
keralaNews

ശബരിമല നിലപാട് തിരിച്ചടിച്ചു; സിപിഎം റിപ്പോര്‍ട്ട്.

ബിജെപിയെ എതിരിടാന്‍ സിപിഎമ്മിനും ഇടതിനും ദേശീയതലത്തില്‍ ശക്തിയില്ലെന്നു വിലയിരുത്തിയാണു കേരളത്തിലെ ഒരു വിഭാഗം വോട്ടര്‍മാര്‍  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു വോട്ട് ചെയ്തതെന്നു സിപിഎമ്മിന്റെ കരട് രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട്. എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി നിലപാടിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുകൂലിച്ചതു പരമ്പരാഗത വോട്ടര്‍മാരില്‍ ഒരു വിഭാഗത്തെ അകറ്റി.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലേതാണു പാര്‍ട്ടിയുടെ ഏറ്റവും മോശം പ്രകടനം. ആകെ മൂന്നു സീറ്റ്, 1.77% വോട്ട്. ബംഗാളിലെയും കേരളത്തിലെയും ത്രിപുരയിലെയും മോശം പ്രകടനമാണ് ഇതിന്റെ പ്രധാന കാരണം. ഈ ഫലം പാര്‍ട്ടിയുടെ ബഹുജന അടിത്തറയുടെയും സ്വാധീനത്തിന്റെയും തകര്‍ച്ച തുടരുന്നു എന്നതിന്റെ സ്ഥിരീകരണമായി. പാര്‍ട്ടി നേരിട്ട തുടര്‍ച്ചയായ അതിക്രമങ്ങളും അടിച്ചമര്‍ത്തലും സംഘടനയെ പ്രശ്‌നത്തിലാക്കിയതും ജനങ്ങളുമായുള്ള ബന്ധം ദുര്‍ബലപ്പെടുത്തിയതും മറ്റു രാഷ്ട്രീയ കാരണങ്ങളുമാണ് ബംഗാളിലും ത്രിപുരയിലും തിരിച്ചടിയുണ്ടാക്കിയ പ്രധാന സംഗതികള്‍.