Saturday, May 11, 2024
keralaNews

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്താകുമെന്ന് കെ.വി. തോമസിന് മുന്നറിയിപ്പുമായി  കെപിസിസി പ്രസിഡന്റ്

ന്യൂഡല്‍ഹി :സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്താകുമെന്ന് മുതിര്‍ന്ന നേതാവ് കെ.വി. തോമസിനു മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ‘പാര്‍ട്ടിക്കു പുറത്തെങ്കില്‍ പുറത്ത്’ എന്ന് തീരുമാനിച്ചാല്‍ മാത്രമേ കെ.വി. തോമസിന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനാകൂ എന്ന് സുധാകരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസുകാരുടെ ചോരവീണ മണ്ണില്‍ ചവിട്ടി സിപിഎം പരിപാടിയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തില്ലെന്ന പ്രതീക്ഷ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പങ്കുവച്ചു.
വിലക്കു ലംഘിച്ചാല്‍ എന്താണ് സംഭവിക്കുകയെന്ന് നേരത്തേതന്നെ പറഞ്ഞിട്ടുള്ളതാണ്. ഇതെല്ലാം കെ. സുധാകരനും ബാധകമാണ്. പാര്‍ട്ടി തീരുമാനം ലംഘിച്ചാല്‍ കെ. സുധാകരനും ബാധകമാകുന്ന നടപടി ആര്‍ക്കെതിരെയും ഉണ്ടാകും. പാര്‍ട്ടിക്കു പുറത്തുപോകാനുള്ള മനസ്സുണ്ടെങ്കില്‍ മാത്രമേ ഈ പരിപാടിയില്‍ കെ.വി. തോമസ് പങ്കെടുക്കൂ. അല്ലെങ്കില്‍ പങ്കെടുക്കാനാകില്ല. പുറത്തെങ്കില്‍ പുറത്ത് എന്ന് തീരുമാനമെടുത്താല്‍ ഈ പരിപാടിയില്‍ പങ്കെടുക്കാം. അദ്ദേഹത്തിന് അങ്ങനെയൊരു മനസ്സില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്’ സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.
സിപിഎം സെമിനാറില്‍ കെ.വി. തോമസ് പങ്കെടുക്കില്ലെന്നു തന്നെയാണ് പ്രതീക്ഷ. ഇന്നു രാവിലെയും അദ്ദേഹത്തോടു സംസാരിച്ചിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല. ചിലപ്പോള്‍ സസ്‌പെന്‍സ് നിലനിര്‍ത്തുന്നത് അദ്ദേഹത്തിന്റെ തന്ത്രമായിരിക്കും’ സുധാകരന്‍ ചൂണ്ടിക്കാട്ടി.കെ.വി. തോമസ് കോണ്‍ഗ്രസ് വിരുദ്ധ നിലപാടെടുക്കില്ലെന്നാണ് പ്രതീക്ഷയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കി. കോണ്‍ഗ്രസുകാരുടെ ചോരവീണ മണ്ണില്‍ ചവിട്ടി സിപിഎം പരിപാടിയില്‍ നേതാക്കളെത്തില്ലെന്നും സതീശന്‍ പറഞ്ഞു.