Saturday, May 11, 2024
keralaNews

ശബരിമലയില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് ഈവര്‍ഷം സൗജന്യ ഭക്ഷണമില്ല.

ശബരിമലയില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക്   ഈവര്‍ഷം
സൗജന്യ ഭക്ഷണമില്ല. സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ ജോലി ചെയ്യുന്ന പൊലീസുകാരില്‍ നിന്നും പണം വാങ്ങി മെസ്സു നടത്താന്‍ ഉത്തരവിറങ്ങി.നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവടങ്ങളിലാണ് പൊലീസ് മെസ്സുകള്‍ പ്രവര്‍ത്തിക്കുന്നത്. മണ്ഡല-മകര വിളക്ക് കാലത്ത് ഇവിടെ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് മൂന്നു നേരവും മെസ്സില്‍ നിന്നും സൗജന്യമായാണ് ഭക്ഷണം. ഇതിനായി സര്‍ക്കാര്‍ മണ്ഡലകാലത്തിനു മുമ്പേ ഡിജിപിയുടെ അക്കൗണ്ടിലേക്ക് പണം കൈമാറാറുണ്ട്. 2011 മുതലാണ് സര്‍ക്കാര്‍ തന്നെ പൊലീസുകാരുടെ ഭക്ഷണത്തിന് പണം നല്‍കി തുടങ്ങിയത്. അന്ന് നല്‍കിയത് 75 ലക്ഷം രൂപയാണ്. ഓരോ വര്‍ഷവും വര്‍ദ്ധിപ്പിച്ചു.

ഇക്കുറി കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ 350 പൊലീസുകാരെ മാത്രമാണ് വിന്യസിച്ചത്. ഇവര്‍ക്കാവശ്യമായ പണം പോലും അനുവദിച്ചില്ല. ഇതേ തുടര്‍ന്നാണ് മെസ്സ് നടത്തിപ്പിന് പൊലീസുകാര്‍ തന്നെ പണം നല്‍കണമെന്ന് മെസ്സിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കമാണ്ടന്റ് ഉത്തരവിരക്കിയത്. ഉത്തരവിലും പിഴവ് കടന്നു കൂടി. സര്‍ക്കാര്‍ പണം അനുവദിക്കാത്തതിന് ദേവസ്വം ബോര്‍ഡ് പണം അനുവദിച്ചില്ലെന്നാണ് ഉത്തരവില്‍ ചൂണ്ടികാട്ടുന്നത്. സ്വന്തം പോക്കറ്റില്‍ നിന്നും പണം മുടക്കി മെസ്സ് നടത്തുന്നതില്‍ സേനയില്‍ വന്‍ അമര്‍ഷമുണ്ട്.

ബറ്റാലിയന് സര്‍ക്കാര്‍ അനുവദിച്ച് പണം കൊണ്ട് നിലവില്‍ മെസ്സ് തുടങ്ങിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ സഹായം ലഭിക്കാത്തിനാല്‍ പൊലീസുകാരില്‍ നിന്നും പണം വാങ്ങാതെ മെസ്സ് നടത്തികൊണ്ടുപോകാനാവില്ലെന്ന് ബറ്റാലിയന്‍ എഡിജിപി കെ പത്മകുമാര്‍ പറഞ്ഞു.