Thursday, May 16, 2024
keralaNews

ഉണ്ണി രാജന്‍ പി. ദേവിന്റെ അമ്മയുടെ അറസ്റ്റ് വൈകുന്നു.

നടന്‍ ഉണ്ണി രാജന്‍ പി. ദേവിന്റെ അമ്മയുടെ അറസ്റ്റ് വൈകുന്നു. ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് വെമ്പായത്ത് ഉണ്ണി രാജന്‍ പി. ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ് വൈകുന്നത്. സംഭവത്തില്‍ ഉണ്ണിയുടെയും ,അമ്മ ശാന്തയ്ക്കുമെതിരെ പോലിസ് കേസ് റജിസ്റ്റര്‍ ചെയ്തു. ഉണ്ണിയെ അറസ്റ്റ് ചെയ്ത് പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. ഉണ്ണിയുടെ അമ്മ ശാന്ത കോവിഡ് ബാധിതയാണെന്നായിരുന്നു പൊലീസ് വിശദീകരണം.

എന്നാല്‍ അറസ്റ്റു വൈകുന്നതില്‍ പ്രിയങ്കയുടെ വീട്ടുകാര്‍ ചില സംശയങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. മേയ് 25നാണ് ഉണ്ണി രാജന്‍ പി. ദേവിനെ അറസ്റ്റു ചെയ്യുന്നത്. ഉണ്ണി കോവിഡ് നെഗറ്റീവ് ആയതിനു ശേഷമാണ് അറസ്റ്റു നടന്നത്. ഉണ്ണിയും മാതാവ് ശാന്തയും ഒരേ ദിവസമാണ് കോവിഡ് പൊസിറ്റീവ് ആയത്. ഇപ്പോള്‍ 18 ദിവസമെങ്കിലും കഴിഞ്ഞിരിക്കും. അങ്ങനെയെങ്കില്‍ ശാന്തയുടെ കോവിഡ് നെഗറ്റീവ് ആയിട്ടും മനപ്പൂര്‍വ്വം അറസ്റ്റ് വൈകുന്നുവെന്നാണ് പ്രിയങ്കയുടെ ബന്ധുക്കള്‍ കരുതുന്നത്. ഇതു സംബന്ധിച്ച് പ്രിയങ്കയുടെ ബന്ധുക്കള്‍ കേസ് അന്വേഷിക്കുന്ന നെടുമങ്ങാട് ഡിവൈഎസ്പിയെ ആശങ്ക അറിയിച്ചിട്ടുണ്ട്.

എന്നാല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് അറസ്റ്റു വൈകുന്നതെന്നാണ് പൊലീസ് അറിയിക്കുന്നത്. ഉണ്ണിക്കൊപ്പം തന്നെ ഈ കേസില്‍ ശാന്തയ്ക്കും പങ്കുണ്ടെന്നാണ് പൊലീസിന്റെ ഇതുവരെയുള്ള നിഗമനം. പ്രിയങ്കയുടെ മരണത്തിന് തൊട്ടുമുന്‍പ് നടന്ന ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ പ്രിയങ്കയെ മര്‍ദിച്ചത് ശാന്തയാണെന്ന് പ്രിയങ്ക തന്നെ നേരിട്ട് മൊഴി നല്‍കിയിട്ടുണ്ട്. അതിനാല്‍ ശാന്തയുടെ അറസ്റ്റ് കേസില്‍ നിര്‍ണായകമാണ്. എന്നാല്‍ ഉണ്ണിയുടെ അറസ്റ്റു കഴിഞ്ഞ് 8 ദിവസമായിട്ടും ശാന്തയുടെ അറസ്റ്റ് നടക്കാത്തതിലാണ് പ്രിയങ്കയുടെ കുടുംബം ആശങ്ക പ്രകടിപ്പിക്കുന്നത്.