Thursday, May 2, 2024
Newsworld

വർക്ക് ഷോപ്പ് ക്രമീകരണത്തിന്റെ  മറവിൽ എരുമേലി കെഎസ്ആർടിസി ഓപ്പറേറ്റിംഗ്  സെന്റർ  അടച്ചുപൂട്ടാൻ നീക്കം.

എരുമേലി: ശബരിമല തീർത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലിയിലെ കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ വർക്ക്ഷോപ്പ് ക്രമീകരണത്തിന്റെ  മറവിൽ അടച്ചുപൂട്ടാൻ നീക്കം.ഇതിന്റെ ആദ്യനടപടിയുടെ ഭാഗമായി ഓപ്പറേറ്റിംഗ്  സെന്ററിൽ ഉണ്ടായിരുന്ന 14 മെക്കാനിക്കൽ ജീവനക്കാരെയാണ് പൊൻകുന്നം
ഡിപ്പോയിലേക്ക് മാറ്റിയിരിക്കുന്നത് .
സംസ്ഥാനവ്യാപകമായി  കെഎസ്ആർടിസിയുടെ വർക്ക് ഷോപ്പുകൾ ഏകീകരിക്കുന്നത് ഭാഗമായാണ്  നടപടി. എന്നാൽ ലക്ഷക്കണക്കിന് വരുന്ന
അയ്യപ്പ ഭക്തർക്കും – നാട്ടുകാർക്കുമായി ആരംഭിച്ച എരുമേലിയിലെ ഓപ്പറേറ്റിംഗ് സെൻറർ കാലക്രമത്തിൽ അടച്ചുപൂട്ടുന്നതിനുള്ള വഴിയാണ് ഒരുങ്ങുന്നതെന്നും നാട്ടുകാർ പറഞ്ഞു . എരുമേലി –  അട്ടത്തോട് ആദിവാസി മേഖല, എരുമേലി –  മലയോരമേഖല , എരുമേലി – കിഴക്കൻ മേഖല അടക്കമുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര സർവ്വീകൾ ക്രമീകരിച്ചിരുന്നത് ഈ ഓപ്പറേറ്റീവ് സെൻററിൽ നിന്നുമാണ് . 21 ബസ് സർവീസുകളാണ് ഇപ്പോൾ എരുമേലിയിൽ നിന്നും ക്രമീകരിച്ചിരിക്കുന്നത് .
ഓപ്പറേറ്റിംഗ്  സെന്ററിൽ നിന്നും മെക്കാനിക്കൽ ജോലിക്കാർ  പോകുന്നതോടെ എരുമേലി കെഎസ്ആർടിസി സെന്റർ ക്രമേണ അടച്ചുപൂട്ടൽ എത്തും. ബസിന്റെ ചെറിയ  പണികൾ മാത്രമാണ് പിന്നീട് ചെയ്യാൻ കഴിയൂ.
സംസ്ഥാനത്തെ ആദ്യ ജനകീയാസൂത്രണ പദ്ധതി പ്രകാരം  നിർമ്മിച്ചതാണ് എരുമേലി കെഎസ്ആർടിസി സെന്റർ. ശബരിമല തീർത്ഥാടന വേളയിലും,   മാസ പൂജകളിലും എല്ലാം പമ്പ  സർവീസുകളും , ഏറ്റവുമധികം ലാഭത്തിൽ ഓടുന്ന സർവീസുകളുമുള്ള എരുമേലി ഓപ്പറേറ്റിംഗ്  സെന്ററാണ്  കെഎസ്ആർടിസി നവീകരണത്തിന് പേരിൽ നിർത്തലാക്കാൻ ശ്രമം നടക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു.
മെക്കാനിക്കൽ വിഭാഗം പൂർണമായും പോകുന്നതോടെ എരുമേലി ഓപ്പറേറ്റിംഗ് സെൻട്രലിലെ മുഴുവൻ ബസ്സുകളും പൊൻകുന്നം ഡിപ്പോ കേന്ദ്രീകൃതമാകുമെന്നും നാട്ടുകാർ പറഞ്ഞു. പൊൻകുന്നം ഡിപ്പോയിലുള്ളതിനേക്കാൾ  ലാഭത്തിലുള്ള എരുമേലി സെന്റർ നിലനിർത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത് .
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് നിസ്സാര തുകക്ക്  പാട്ടത്തിന് നൽകിയ സ്ഥലത്താണ് എരുമേലി കെഎസ്ആർടിസി ഓപ്പറേറ്റർ പ്രവർത്തിക്കുന്നത് .  വർഷങ്ങൾക്ക് മുമ്പ് ഈ  സെൻറർ അടച്ചുപൂട്ടാനും നീക്കം നടത്തിയിരുന്നു. അന്ന് നടന്ന ജനകീയ പ്രക്ഷോഭത്തെ തുടർന്നാണ് സർക്കാർ സ്ഥാപിച്ചത്. എന്നാൽ വർക്ക്ഷോപ്പ് ഏകീകരണത്തിന് മറവിൽ  എരുമേലി ഓപ്പറേറ്റിംഗ് സെൻറർ ക്രമേണ അടച്ചുപൂട്ടാനുള്ള നീക്കമാണെന്നും  നാട്ടുകാർ പറഞ്ഞു .മെക്കാനിക്കൽ , സർവീസുകളുടെ ക്രമീകരണം എന്നിവയുടെ പേരിൽ  എരുമേലിയിലെ ബസ്സുകൾ പൊൻകുന്നത്തേക്ക് മാറ്റുന്നതോടെ
എരുമേലി ഓപ്പറേറ്റിംഗ് സെൻറർ സർ അടച്ചുപൂട്ടലിൽ എത്തും. ഡിപ്പോ അടച്ചുപൂട്ടുന്ന സാഹചര്യമുണ്ടായാൽ സ്ഥലം തിരിച്ചെടുക്കാൻ ദേവസ്വം ബോർഡും നിർബന്ധിതരാകും. അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുന്ന എരുമേലി ഓപ്പറേറ്റിംഗ് സെൻറർ പ്രതിസന്ധിയിലാകുന്നതോടെ  മല യോരം മേഖല അടക്കമുള്ള ശബരിമല തീർഥാടകരാണ് ദുരിതത്തിലാകാൻ പോകുന്നത്.  കെഎസ്ആർടിസിയുടെ ഈ നീക്കത്തിനെതിരെ വ്യാപകമായ
ജനകീയ പ്രതിഷേധമാണ് ഉയരുന്നത്.
സർവീസുകൾക്ക് മുടക്കം വരില്ല എംഎൽഎ .
വർക്ക് ഷോപ്പ് ക്രമീകരണങ്ങളുടെ ഭാഗമായി മെക്കാനിക്ക് ജോലിക്കാരെ പൊൻകുന്നത്തെ മാറ്റിയാലും എരുമേലിയിലെ സർവീസുകൾക്ക്  മുടക്കം വരില്ലെന്നും പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.