Friday, May 17, 2024
keralaNews

കാട്ടുപന്നികളെ നിയമവിധേയമായി വെടി വെക്കുന്നവര്‍ക്ക് 1000 രൂപ പാരിതോഷികവും തോക്കും..

കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും കര്‍ഷകരുടെ ജീവന് ഭീഷണിയാകുകയും ചെയ്യുന്ന കാട്ടുപന്നികളെ വെടിവെയ്ക്കാനുള്ള അപേക്ഷകളില്‍ വനം വകുപ്പ് അനുമതി നല്‍കുകയാണ്.ഇതിനായി അതത് റേഞ്ച് ഓഫീസര്‍മാര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. ജില്ലയിലെ കര്‍ഷകരില്‍ നിന്നും ഈ ആവശ്യത്തിന് അപേക്ഷകള്‍ ഒന്നും തന്നെ ലഭിക്കുകയുണ്ടായില്ലന്ന് ഡി.എഫ്.ഒ അനൂപ് കുമാര്‍ അറിയിച്ചു.കാട്ടുപന്നികളെ വെടിവെക്കുന്നതിന് വേണ്ടിയുള്ള തോക്കുകള്‍ക്ക് ആവശ്യത്തിന് ഉപാധികളോടെ അനുമതി നല്‍കും. ആറുമാസത്തേക്കാണ് ഇതില്‍ അനുമതി നല്‍കുന്നത്. ഇങ്ങനെ കാട്ടുപന്നികളെ നിയമവിധേയമായി വെടി വെക്കുന്നവര്‍ക്ക് 1000 രൂപ പാരിതോഷികവും നല്‍കാന്‍ ഉത്തരവായി.
അതോടൊപ്പം ജില്ലയിലെ കര്‍ണാടക വനാതിര്‍ത്തിയില്‍ നിന്ന് നാട്ടിലിറങ്ങിയ കാട്ടാനകളെ കാട്ടിലേക്ക് തിരികെ പറഞ്ഞുവിടുന്നതിന് കുങ്കിയാനകളെ കൊണ്ടുവരുന്നതിനും തീരുമാനമായി. നാട്ടില്‍ ഇറങ്ങി ശല്യം ചെയ്യുന്ന കാട്ടു കുരങ്ങുകളെ കൂടു സ്ഥാപിച്ച് പിടികൂടി വന്ധ്യംകരിച്ച് ഉള്‍ക്കാട്ടില്‍ വിടാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്ഥലം സന്ദര്‍ശിച്ച ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കാസര്‍കോട് ജില്ലയിലെ വന്യജീവി ശല്യത്തെ കുറിച്ച് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ നടപടി എടുത്തിരിക്കുന്നത്.
ആനകളെ തുരത്താന്‍ പരിചയ സമ്പന്നരായ എട്ടുപേരെ ആറളത്ത് നിന്ന് കൊണ്ടുവന്നിരിക്കുകയാണ്. 2008 ലെ വന്യജീവി സെന്‍സസ് പ്രകാരം ജില്ലയില്‍ കാട്ടാനകള്‍ ഒന്നുംതന്നെ ഇല്ല. എന്നാല്‍ ജില്ലയില്‍ എട്ട് ആനകള്‍ താവളം ഉറപ്പിച്ചിരിക്കുകയാണ്. ഇത് കര്‍ണാടക വനത്തില്‍ നിന്നും ഭക്ഷണം തേടി ഇറങ്ങിയ ആനകളാണ്. കര്‍ണാടക വനം വകുപ്പുമായി ചര്‍ച്ച ചെയ്ത് ഈ കാട്ടാനകളെ കര്‍ണാടക വനത്തിലേക്ക് തിരികെ എത്തിക്കാന്‍ ഉള്ള നടപടികള്‍ ചെയ്യും. നവംബര്‍ അഞ്ചിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും യോഗം വീഡിയോ കോണ്‍ഫറന്‍സില്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താനും തീരുമാനിച്ചിട്ടുണ്ട്.