Friday, May 3, 2024
keralaNews

വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

കോഴിക്കോട്: മലയാളി വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ അടയാളം തൂങ്ങി മരണം ശരിവയ്ക്കുന്നു എന്നാണ് നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി.ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലമാണ് ഇനി കിട്ടാനുള്ളത്. ഈ മാസം ഏഴിനാണ് പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്ത റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.

മാര്‍ച്ച് ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്‌ലാറ്റില്‍ റിഫ മെഹ്നുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടന്‍ തന്നെ മറവ് ചെയ്യുകയായിരുന്നു. പിന്നീട് പെരുമാറ്റത്തിലുള്‍പ്പെടെ റിഫയുടെ ഭര്‍ത്താവ് മെഹ്നാസ് അസ്വാഭാവികത കാണിച്ചുതുടങ്ങിയതോടെയാണ് കുടുംബാംഗങ്ങള്‍ക്ക് സംശയം തുടങ്ങിയത്. മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാക്കൂര്‍ പൊലീസ് പിന്നീട് മെഹ്നാസിനെതിരെ കേസെടുത്തു.കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി മെഹ്നാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹര്‍ജി മെയ് 20 ന് പരിഗണിക്കുമെന്നറിയിച്ച കോടതി പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. മെഹ്‌നാസിനെതിരെ പൊലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.