Saturday, May 4, 2024
keralaNews

വ്യാപാരി നേതാവ് ടി നസ്‌റുദ്ദീന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

നിയന്ത്രണങ്ങള്‍ ലംഘിച്ച് വ്യാഴാഴ്ച മുതല്‍ കടകള്‍ തുറക്കുമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി നസ്‌റുദ്ദിന്റെ പ്രഖ്യാപനത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി. മറ്റൊരു വഴിക്കാണ് പോക്കെങ്കിലും ആ വഴിക്ക് നേരിടുമെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത്. കോഴിക്കോട് കടകള്‍ തുറക്കണമെന്നാശ്യപ്പെട്ട് വ്യാപാരികള്‍ നടത്തുന്ന സമരത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കാന്‍ സാധിക്കും. പക്ഷേ, ആ ആവശ്യങ്ങള്‍ ഇപ്പോള്‍ അംഗീകരിക്കാന്‍ സാധിക്കുന്ന സ്ഥിതിവിശേഷം നമ്മള്‍ ഇനിയും കൈവരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കട തുറക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാല്‍ സാഹചര്യമാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ക്കിടയാക്കിയത്. കോവിഡ് രോഗബാധ പടര്‍ന്നു പിടിച്ച് ആളുകളുടെ ജീവന്‍ അപകടത്തിലാവുന്ന അവസ്ഥ തടയാന്‍ നമ്മള്‍ ഓരോരുത്തരും ബാധ്യസ്ഥരാണ് എന്നോര്‍ക്കണം. നാടിന്റെ രക്ഷയെ കരുതിയാണ് ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കുന്നത്. അത് ഉള്‍ക്കൊള്ളാന്‍ ബന്ധപ്പെട്ട എല്ലാവരും തയ്യാറാകണം. പ്രസ്തുത വിഷയത്തില്‍ ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗം വിളിച്ച് ചര്‍ച്ച ചെയ്യാനും കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്.

കടകളിലും മറ്റും ശാരീരിക അകലം ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ ശക്തമായ നടപടി സ്വീകരിക്കണം. ആളുകളുടെ കൂട്ടം കൂടല്‍ ഗൗരവമായി കാണണം. രണ്ടുമൂന്ന് ആഴ്ച കഴിയുന്നതോടെ ഓണത്തിരക്ക് ആരംഭിക്കും. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. അതിനാവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

മറ്റന്നാള്‍ മുതല്‍ എല്ലാ കടകളും എല്ലാ ദിവസവും തുറക്കും ടി. നസറുദ്ദീന്‍

പെരുന്നാള്‍ കണക്കിലെടുത്ത് എല്ലാകടകളും എല്ലാ ദിവസവും തുറക്കാന്‍ അനുമതി നല്‍കാത്തതിനാല്‍ മറ്റന്നാള്‍ മുതല്‍ സ്വന്തം നിലയ്ക്ക് കടകള്‍ പൂര്‍ണമായും തുറക്കാന്‍ വ്യാപാരികള്‍. നിലവിലെ ഇളവുകള്‍ പര്യാപ്തമല്ലെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീന്‍ പറഞ്ഞു.

ടിപിആര്‍ അടിസ്ഥാനത്തിലുള്ള നിലവിലെ നിയന്ത്രണരീതി തന്നെ തെറ്റാണെന്നാണ് പ്രതിപക്ഷ നിലപാട്. കൊവിഡില്‍ തകര്‍ന്നവരെ സഹായിക്കാന്‍ സര്‍ക്കാര്‍ കൊവിഡ് ദുരന്ത നിവാരണ കമ്മീഷന്‍ രൂപീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.