Monday, April 29, 2024
keralaNews

വ്യാജരേഖയുണ്ടാക്കിയെന്ന് സമ്മതിച്ച് കെ വിദ്യ.

പാലക്കാട്: വ്യാജരേഖയുണ്ടാക്കിയെന്ന് സമ്മതിച്ച് മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യ. വ്യാജ സര്‍ട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തില്‍വച്ച് വിദ്യ കീറിക്കളഞ്ഞുവെന്നും നശിപ്പിച്ചത് പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണെന്നും വിദ്യ മൊഴി നല്‍കിയെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, മഹാരാജാസ് കോളേജിലെ വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസില്‍ കെ വിദ്യക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. വ്യാജ രേഖയുണ്ടാക്കിയതായി വിദ്യ കുറ്റസമ്മത മൊഴി നല്‍കിയതായി പ്രോസിക്യൂഷന്‍ മണ്ണാര്‍ക്കാട് കോടതിയെ അറിയിച്ചു. അതേസമയം, വിദ്യയെ അറസ്റ്റ് ചെയ്യാതിരുന്ന നീലേശ്വരം പൊലീസ് മൂന്ന് ദിവസത്തിനകം ഹാജരാകാന്‍ നിര്‍ദേശിച്ചു.വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത് താന്‍ തന്നെയെന്ന വിദ്യയുടെ കുറ്റസമ്മത മൊഴി ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ തുടക്കത്തിലേ എതിര്‍ത്തത്. വ്യാജരേഖയുടെ അസ്സല്‍ പകര്‍പ്പ് അവര്‍ നശിപ്പിച്ചതായാണ് പറയുന്നത്. ഈ മൊഴിയുടെ ആധികാരികത പരിശോധിക്കണം. മൊബൈല്‍ ഫോണില്‍ വ്യാജ രേഖ നിര്‍മ്മിച്ച് അവ അക്ഷയ സെന്ററിലേക്ക് മെയില്‍ അയക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് പ്രിന്റെടുത്ത ശേഷം അതിന്റെ പകര്‍പ്പാണ് അട്ടപാടി കോളേജില്‍ നല്‍കിയത്. പിടിക്കപ്പെട്ടു എന്ന് മനസ്സിലായപ്പോള്‍ അട്ടപ്പാടി ചുരത്തില്‍ ആദ്യം എടുത്ത പ്രിന്റ് കീറി കളഞ്ഞു. കരിന്തളം കോളേജിത് തന്നേക്കാള്‍ യോഗ്യത ഉള്ള ആള്‍ അഭിമുഖത്തിന് എത്തിയിരുന്നതിനാല്‍ ജോലി കിട്ടില്ലെന്ന് തോന്നിയത് കൊണ്ട് വിദ്യ വ്യാജ രേഖ നിര്‍മ്മിക്കുകയായിരുന്നെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, അറസ്റ്റില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല, ആരോഗ്യം, സ്ത്രി എന്ന പരിഗണന വേണം തുടങ്ങിയവയായിരുന്നു വിദ്യയുടെ വാദം. ഇരു കൂട്ടരുടേയും വാദം കേട്ട കോടതി വിദ്യക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു കാരണവശാലും കേരളം വിട്ടുപോകരുതെന്നതടക്കം നിര്‍ദേശമുണ്ട്.