Monday, April 29, 2024
keralaNews

കൊവിഡ് പ്രതിസന്ധി; കേന്ദ്രസഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.

കൊവിഡ് പ്രതിസന്ധി കടുത്ത സാഹചര്യത്തില്‍ കേന്ദ്രസഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. വെന്റിലേറ്റര്‍ അടക്കമുള്ള സഹായം ആവശ്യപ്പെട്ടാണ് നരേന്ദ്ര മോദിക്ക് കത്തിയച്ചിരിക്കുന്നത്. 50 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സീനും 25 ലക്ഷം കോവാക്‌സീനും 500 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ കൊവിഡ് ചികില്‍സയ്ക്കായി മാറ്റിയ ഐസിയുകളും വെന്റിലേറ്ററുകളും നിറഞ്ഞ സ്ഥിതിയാണുള്ളത്. സ്വകാര്യ മേഖലയിലാകട്ടെ 85 ശതമാനത്തിലേറെ കിടക്കകളും നിറഞ്ഞു. ഇനി രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കൂടിയാല്‍ തീവ്ര പരിചരണം പാളും.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ചികില്‍സയ്ക്കായി ആകെയുള്ള 161 ഐസിയു കിടക്കകളിലും ഇപ്പോള്‍ രോഗികളുണ്ട്. 138 വെന്റിലേറ്ററുകളില്‍ 4 എണ്ണം മാത്രം ഒഴിഞ്ഞു കിടക്കുന്നു. 429 ഓക്‌സിജന്‍ കിടക്കകളില്‍ 90 ശതമാനവും നിറഞ്ഞു. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ആകെയുള്ള 52 ഐസിയു കിടക്കകളിലും രോഗികളുണ്ട്. 38 വെന്റിലേറ്ററുകളില്‍ 26 എണ്ണത്തില്‍ രോഗികള്‍. 60 ഓക്‌സിജന്‍ കിടക്കകളില്‍ 54 ലും രോഗികള്‍.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 36 ഐസിയു കിടക്കകളില്‍ ഏഴ് എണ്ണം മാത്രമാണ് ഒഴിഞ്ഞുകിടക്കുന്നത്. 40 വെന്റിലേറ്ററുകളില്‍ 31ലും രോഗികള്‍. 200 ഓക്‌സിജന്‍ കിടക്കകളില്‍ രോഗികളില്ലാത്തത് 22 എണ്ണത്തില്‍ . ആലപ്പുഴയിലും സ്ഥിതി വ്യത്യസ്തമല്ല. 76 ഐസിയു കിടക്കകളില്‍ 34 എണ്ണത്തില്‍ രോഗികള്‍. വെന്റിലേറ്ററുകളില്‍ 11പേര്‍. 138 ഓക്‌സിജന്‍ കിടക്കകളും നിറഞ്ഞു. ജില്ലാ ജനറല്‍ ആശുപത്രികളിലുള്ള ഐസിയു വെന്റിലേറ്ററുകളുടെ എണ്ണം വളരെ കുറവാണ്. ഇതിലും നിറയെ രോഗികളുണ്ട്.