Tuesday, May 7, 2024
keralaNewspolitics

വൈദ്യുതി കരാര്‍ ഉണ്ടാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

അദാനിയുമായി വൈദ്യുതി കരാര്‍ ഉണ്ടാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനിയെ മുഖ്യമന്ത്രി പരസ്യമായി എതിര്‍ക്കും രഹസ്യമായി പിന്തുണയ്ക്കും. കരാറിനെക്കുറിച്ച് അറിഞ്ഞില്ലെന്നു മന്ത്രി എം.എം. മണി പറഞ്ഞത് കാര്യമാക്കുന്നില്ല. കരാര്‍ മുഖ്യമന്ത്രിയുടേയും വൈദ്യുതി മന്ത്രിയുടേയും അറിവോടെയാണ്. അദാനിയില്‍നിന്ന് നേരിട്ട് വൈദ്യുതി വാങ്ങാന്‍ മറ്റൊരു കരാര്‍കൂടി ഒപ്പിട്ടെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഈ അന്തര്‍ധാരയില്‍ പിണറായിയ്ക്ക് രാഷ്ട്രീയമായും സാമ്പത്തികമായും നേട്ടമാണുള്ളത്. പിണറായിക്കെതിരായ അന്വേഷണങ്ങള്‍ എവിടെയും എത്താത്തിന്റെ ഗുട്ടന്‍സ് ഇപ്പോഴാണ് മനസ്സിലായത്. ഈ ബന്ധം ഈ തിരഞ്ഞെടുപ്പില്‍ വോട്ടാക്കിമാറ്റുകയാണ് പിണറായിയുടെ ലക്ഷ്യം. പിണറായി നയിക്കുന്ന ഇടതുപക്ഷസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് കീഴടങ്ങി എന്ന പൊതുചര്‍ച്ച ശരിയാണെന്നതാണ് ഇത്തരം ഇടപാടുകളെ പ്രോത്സാഹിപ്പിക്കുക വഴി പിണറായി ചെയ്തുകൊണ്ടിരിക്കുന്നത്. സ്വന്തം താത്പര്യത്തിനും സാമ്പത്തിക ലാഭത്തിനു വേണ്ടിയുള്ള ഇത്തരം ഇടപാടുകള്‍ മാര്‍ക്സിറ്റ് അണികളോട് കാട്ടുന്ന കടുത്ത വഞ്ചനയാണ്.

സുപ്രീംകോടതിയിലെ സത്യവാങ്മൂലം പിന്‍വലിക്കുമോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ മാപ്പു പറയുമോ എന്ന്് വ്യക്തമാക്കണം. ജനം ഏപ്രില്‍ ആറിന് ബോംബിടും. ബോംബ് എന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. ഞങ്ങളല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.