Monday, April 29, 2024
keralaNewspolitics

നിയമസഭാ തിരഞ്ഞെടുപ്പ്: ബൈക്ക് റാലി നിരോധനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ബൈക്ക് റാലികള്‍ വോട്ടെടുപ്പ് തിയ്യതിക്ക് 72 മണിക്കൂര്‍ മുമ്പ് നിര്‍ത്തിവയ്ക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ കൂടിയായ അതത് ജില്ലാ കലക്ടര്‍മാര്‍ ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ബൈക്ക് റാലികളില്‍ സാമൂഹിക വിരുദ്ധര്‍ നുഴഞ്ഞുകയറി പ്രശ്നങ്ങളുണ്ടാക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയുണ്ടായത്.നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ കേസെടുത്ത് കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിര്‍ദേശം പാലിക്കുന്നുണ്ടെന്ന് ജില്ലകളിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഉറപ്പുവരുത്തേണ്ടതാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിന് കൊട്ടിക്കലാശവുമുണ്ടാവില്ല. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൊട്ടിക്കലാശം വിലക്കിയത്.പകരം ഞായറാഴ്ച രാത്രി ഏഴ് വരെ പ്രചാരണമാവാമെന്നും കമ്മീഷന്‍ അറിയിച്ചു. രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി. തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ മുതല്‍ തെരഞ്ഞെടുപ്പ് സമയം അവസാനിക്കുന്നതുവരെ യാതൊരുവിധത്തിലുള്ള ഉച്ചഭാഷിണികളോ അനൗണ്‍സ്മെന്റുകളോ പാടില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.