Sunday, May 12, 2024
keralaNewsObituary

വെണ്‍മണി ഇരട്ടക്കൊലപാതകം; പ്രതികള്‍ക്കുളള ശിക്ഷ നാളെ വിധിക്കും

ആലപ്പുഴ: വെണ്‍മണി കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ എ പി ചെറിയാന്‍, ഭാര്യ ലില്ലിക്കുട്ടി ചെറിയാന്‍ എന്നിവരെ കൊലപ്പെടുത്തി വീട് കവര്‍ച്ച      ചെയ്ത കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ബംഗ്ലാദേശ് സ്വദേശികളായ ലബിലു ഹസന്‍ (39), ജുവല്‍ ഹസന്‍ (24) എന്നിവര്‍ കുറ്റക്കാരാണെന്നാണ് മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി കെന്നത്ത് ജോര്‍ജ്ജ് വിധി. കൊലപാതകം, അതിക്രമിച്ചു കയറല്‍, കവര്‍ച്ച തുടങ്ങി പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിഞ്ഞതായി കോടതി കണ്ടെത്തി. പ്രതികള്‍ക്ക് നല്‍കേണ്ട ശിക്ഷ നാളെ വിധിക്കും. 2019 നവംബര്‍ 11നായിരുന്നു കേസിനാസ്പദമായ സംഭവം. ദമ്പതികളുടെ വീട്ടില്‍ ജോലിക്കെത്തിയ പ്രതികള്‍ വീട്ടില്‍ സ്വര്‍ണം ഉണ്ടെന്ന് മനസിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
കൊലപാതകത്തിന് ശേഷം 45 പവന്‍ സ്വര്‍ണാഭരണവും 17,338 രൂപയും അപഹരിച്ച ശേഷം കടന്ന പ്രതികളെ നവംബര്‍ 13ന് വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. 2021 നവംബര്‍ 1ന് ആരംഭിച്ച വിചാരണ 2022 ഫെബ്രുവരി 25നാണ് പൂര്‍ത്തിയായത്. കേസില്‍ 60 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 103 തൊണ്ടിമുതലും 80 രേഖകളും കേസില്‍ ഹാജരാക്കി. കേസില്‍ വിശാഖപട്ടണം ആര്‍ പി എഫ് പൊലീസിലെ 5 പേരും ആന്ധ്രാദേശ്, ബംഗാള്‍, അസാം, പുതുച്ചേരി സംസ്ഥാനക്കാരും സാക്ഷികളായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് സോളമന്‍, സരുണ്‍ കെ ഇടുക്കുള എന്നിവര്‍ ഹാജരായി.