Monday, May 6, 2024
keralaNews

വൃദ്ധ സഹോദരിമാരുടെ കൊലപാതകത്തില്‍ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി

ഷൊര്‍ണൂര്‍ കവളപ്പാറയിലെ വൃദ്ധ സഹോദരിമാരുടെ കൊലപാതകത്തില്‍ പോലീസ് പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി പോലീസ്.കൊല്ലപ്പെട്ട സഹോദരിമാരുമായി മുന്‍ പരിചയമുണ്ടായിരുന്നതായും കവര്‍ച്ചയ്ക്കിടെ ചെറുക്കാന്‍ ശ്രമിച്ചപ്പോഴാണ് കൊലപാതകം നടത്തിയതെന്നും പ്രതി മണികണ്ഠന്‍ പോലീസിനോട് പറഞ്ഞു.ഷൊര്‍ണ്ണൂര്‍ സി.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.യാതൊരു കൂസലുമില്ലാതെയാണ് തെളിവെടുപ്പിനിടെ മണികണ്ഠന്‍ അന്വേഷണ സംഘത്തോട് കൊലപാതക രീതി വിവരിച്ചത്. വൃദ്ധ സഹോദരിമാരുടെ വീട്ടില്‍ മണികണ്ഠന്‍ നേരത്തെ പെയിന്റിംഗ് ജോലിക്ക് പോയിരുന്നു വീട്ടില്‍ പണവും സ്വര്‍ണ്ണവും ഉണ്ടായിരുന്നെന്ന് അറിയുമായിരുന്നതിനാല്‍ കവര്‍ച്ച ലക്ഷ്യമിട്ടാണ് വീട്ടില്‍ എത്തിയതെന്ന് മണികണ്ഠന്‍ പോലീസിനോട് പറഞ്ഞു.കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സഹോദരിമാരുടെ വീട്ടിലെത്തിയ പ്രതി രണ്ട് മണിക്കൂറിലധികം പത്മിനിയുമായി സംസാരിച്ചിരുന്നു. തുടര്‍ന്ന് ഭക്ഷണം കഴിച്ച ശേഷം പണവും സ്വര്‍ണവും ആവശ്യപ്പെട്ടു. ഇതെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലാണ് ബഹളം കേട്ട് തങ്കവും വീട്ടിലെത്തിയത്. തങ്കത്തിന്റെ മാല പിടിച്ചു പറിക്കുന്നതിനിടെ സഹോദരിമാര്‍ ചേര്‍ന്ന് മണികണ്ഠനെ പിടിച്ചു തള്ളി. പിന്നാലെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് സഹോദരിമാരെ മുറിവേല്‍പ്പിച്ച ശേഷം ഗ്യാസ് സിലിണ്ടര്‍ തുറന്ന് തീ കൊളുത്തുകയായിരുന്നു.