Tuesday, May 14, 2024
keralaNews

തൃക്കാക്കര നഗരസഭാ അധ്യക്ഷയ്ക്ക് കോണ്‍ഗ്രസ് അന്വേഷണ കമ്മിഷന്റെ ക്ലീന്‍ ചിറ്റ്.

പണക്കിഴി വിവാദത്തില്‍ തൃക്കാക്കര നഗരസഭാ അധ്യക്ഷയ്ക്ക് കോണ്‍ഗ്രസ് അന്വേഷണ കമ്മിഷന്റെ ക്ലീന്‍ ചിറ്റ്. നഗരസഭാധ്യക്ഷ കൗണ്‍സിലര്‍മാര്‍ക്ക് പതിനായിരം രൂപ വീതം നല്‍കിയതായി തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് കമ്മിഷന്റെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും. അതേസമയം ചെയര്‍പേഴ്‌സണെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി.ഡി.സുരേഷ് വ്യക്തമാക്കി.തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തിന് പിന്നില്‍ ഗ്രൂപ്പുകളിയും ഗൂഡാലോചനയുമാണെന്നാണ് കോണ്‍ഗ്രസ് അന്വേഷണ കമ്മിഷന്റെ പ്രാഥമിക വിലയിരുത്തല്‍. നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പന്‍ കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കിയതിന് തെളിവുകളില്ല. പണം കൈമാറുന്നതിന്റെ ദൃശ്യങ്ങളില്ല. ഫോണ്‍ സംഭാഷണങ്ങളിലെ പരാമര്‍ശങ്ങള്‍ മുഖവിലയ്ക്ക് എടുക്കാനാകില്ലെന്നും അന്വേഷണ സമിതി വിലയിരുത്തി.തൃക്കാക്കര കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിയാണ് പണക്കിഴി വിവാദത്തിന് പിന്നിലെന്നാണ് കമ്മിഷന്‍ വിലയിരുത്തല്‍. ഒരു വിഭാഗം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ സിപിഎമ്മുമായി ചേര്‍ന്ന് ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ വിവാദം. ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ തീരുമാനം കോണ്‍ഗ്രസ് നേതൃത്വത്തിന് വിട്ടു. ഇന്നലെ തൃക്കാക്കര നഗരസഭാധ്യക്ഷ അജിതാ തങ്കപ്പനില്‍ നിന്നും സ്ഥിരം സമിതി അധ്യക്ഷന്‍മാരില്‍ നിന്നും മൊഴിയെടുത്ത ശേഷമാണ് പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കിയത്. അതേസമയം തന്റെ ഭാഗം കേള്‍ക്കാതെയാണ് കമ്മിഷന്‍ പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കിയതെന്ന ആരോപണവുമായി പരാതി നല്‍കിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍ രംഗത്തെത്തി. ചെയര്‍പേഴ്‌സണെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.അതിനിടെ തൃക്കാക്കര നഗരസഭാ ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തി. എന്നാല്‍ പണക്കിഴി വിവാദവുമായി ബന്ധപ്പെട്ടല്ല പരിശോധനയെന്നാണ് വിജിലന്‍സിന്റെ വിശദീകരണം. അനധികൃത നിയമനവുമായി ബന്ധപ്പെട്ട പരാതിയിലാണ് പരിശോധനയെന്ന് വിജിലന്‍സ് വ്യക്തമാക്കി