Saturday, April 27, 2024
keralaNewsObituary

വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം ഗൃഹനാഥന്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ചു.

തൃശൂര്‍ അവണൂരില്‍ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ പോയ ശശീന്ദ്രന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്തം ഛര്‍ദ്ദിച്ച് ശശീന്ദ്രന്‍ മരിക്കുകയായിരുന്നു. സമാന ലക്ഷണങ്ങളോടെ ശശീന്ദ്രന്റെ അമ്മ കമലാക്ഷി, ഭാര്യ ഗീത, വീട്ടില്‍ ജോലിക്കെത്തിയ തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രന്‍, ചന്ദ്രന്‍ എന്നിവരും ചികിത്സയിലാണ്.വീട്ടിലുണ്ടാക്കിയ ഇഡ്ഡലിയും സാമ്പാറും കടലക്കറിയും കഴിച്ചതിന് പിന്നാലെയാണ് ശശീന്ദ്രന്‍ രക്തം ഛര്‍ദ്ദിച്ചത്. ഭക്ഷണത്തില്‍ വിഷം കലര്‍ന്നതായാണ് സംശയം. രാവിലം ഒന്‍പതിന് ഭക്ഷണം കഴിച്ചശേഷം തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് കൂലി നല്‍കാനുള്ള പണമെടുക്കാന്‍ എടിഎം കൗണ്ടറിന് മുന്നിലെത്തിയപ്പോഴാണ് ഇയാള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. സ്‌കൂട്ടറില്‍ തളര്‍ന്നിരിക്കുന്ന ശശീന്ദ്രനെ കണ്ട് സംശയം തോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജറി വിഭാഗം പ്രഫ. ഡോ. സി രവീന്ദ്രനാണ് അത്യാഹിത വിഭാഗത്തിലെത്തിച്ചത്. പരിശോധന നടക്കുന്നതിനിടെ രക്തം ഛര്‍ദ്ദിച്ച് അവശനിലയിലായി. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.സ്വാഭാവിക മരണമെന്ന് കരുതി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ ഭാര്യ ഗീതയ്ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നാലെ ഗീതയെയും ആശുപത്രിയിലെത്തിച്ചു. അമ്മയ്ക്കും ജോലിക്കെത്തിയവരും അവശരായതോടെ എല്ലാവരുടെയും ശാരീരിക അസ്വസ്ഥകളില്‍ സാമ്യതയും ദുരൂഹതയും സംശയിച്ച ഡോക്ടര്‍മാര്‍ ഉടന്‍ ശശീന്ദ്രന്റെ മൃതദേഹം തിരിച്ചെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.ശശീന്ദ്രന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും.