Saturday, May 4, 2024
keralaNews

വിസ്മയ മരണം; കിരണിനു വേണ്ടി അഡ്വ. ആളൂര്‍.

കൊല്ലം ശാസ്താംകോട്ട വിസ്മയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവ് എസ്.കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷയില്‍ ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 5നു വിധി പറയും.കിരണ്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. വിസ്മയയുടെ മരണത്തില്‍ കിരണിനു പങ്കില്ലെന്ന കുടുംബത്തിന്റെ നിലപാടു തന്നെയാണ് ജാമ്യ ഹര്‍ജിയിലും ആവര്‍ത്തിച്ചത്. ഇതിനെയെല്ലാം എതിര്‍ത്ത അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ കാവ്യാ നായര്‍, കേസിന്റെ അന്വേഷണം ഗൗരവമായി നടക്കുകയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും വാദിച്ചു.

അന്വേഷണം പാതിവഴിയില്‍ എത്തിയപ്പോഴാണ് കിരണിനു കോവിഡ് ബാധിച്ചത്. നെയ്യാറ്റിന്‍കര സബ് ജയിലില്‍ കഴിയുന്ന കിരണിനെ രോഗമുക്തനാകുമ്പോള്‍ തെളിവെടുപ്പിനായി വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വാങ്ങണം. വിസ്മയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നു പോലും സ്ഥിരീകരിച്ചിട്ടില്ല. ഇരു ഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് വിധി പറയാന്‍ 5ലേക്കു ഹര്‍ജി മാറ്റിയത്. ഷൊര്‍ണൂര്‍ പീഡന വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായിരുന്ന ബി.എ.ആളൂരാണ് ഇന്നലെ കിരണിനു വേണ്ടി കോടതിയില്‍ ഹാജരായത്.

ജാമ്യഹര്‍ജിയില്‍ വാദം നടക്കുമ്പോഴും അന്വേഷണസംഘം പൂര്‍ണമായും തെളിവു ശേഖരിക്കുന്ന തിരക്കിലായിരുന്നു. വിസ്മയ തൂങ്ങിമരിച്ചുവെന്നു കിരണ്‍ പറയുന്ന ശുചിമുറിയിലും കിടപ്പുമുറിയിലും പരിശോധന നടത്തിയ ഫൊറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ട്, ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം എന്നിവ കേസില്‍ നിര്‍ണായകമാണ്. ഇതിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം. കിരണുമായി അടുത്ത് ഇടപഴകിയ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരായി. ഈ ആഴ്ച തന്നെ പുതിയ അന്വേഷണസംഘം കേസിന്റെ ചുമതല ഏറ്റെടുക്കും.