Thursday, May 2, 2024
indiaNewspolitics

വനിത സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ദില്ലി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ സമ്മേള്ളനത്തില്‍ വനിത ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. മണ്ഡല പുനര്‍നിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തില്‍ സംവരണ സീറ്റുകള്‍ മാറ്റി നിശ്ചയിക്കും. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യും. അതേ സമയം ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് തുടക്കമിട്ട് പുതിയ പാര്‍ലമെന്റ് മന്ദിരം തുറന്നു. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന സംയുക്ത സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ എംപിമാര്‍ കാല്‍നടയായി പുതിയ മന്ദിരത്തിലേക്ക് എത്തുകയായിരുന്നു.പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ സമ്മേള്ളനത്തില്‍ സ്പീക്കര്‍ ഓം ബിര്‍ല ലോക്‌സഭ നടപടികള്‍ തുടങ്ങിയതായി പ്രഖ്യാപിച്ചു.പുതിയ പാര്‍ലമെന്റ് നിര്‍മ്മാണത്തില്‍ പ്രധാനമന്ത്രിയെ സ്പീക്കര്‍ അഭിനന്ദിച്ചു. പ്രധാനമന്ത്രി തുടര്‍ന്ന് ലോക്‌സഭയില്‍ സംസാരിച്ചു. ചരിത്രപരമായ തീരുമാനം പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തില്‍ ഉണ്ടാകുമെന്ന് മോദി നേരത്തേ വ്യക്തമാക്കിയിരുന്നു. ആ പ്രഖ്യാപനം വനിത ബില്ല് വഴി യാഥാര്‍ത്ഥ്യമായി. വനിത സംവരണ ബില്ലില്‍ നാളെ ലോക്‌സഭയില്‍ ചര്‍ച്ച നടത്തി അത് പാസ്സാക്കും. അതേസമയം പഴയ പാര്‍ലമെന്റ് മന്ദിരം ഇനി മുതല്‍ ഭരണഘടന മന്ദിരം എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പാര്‍ലമെന്റില്‍ നടപ്പിലാക്കുന്ന വനിതാ സംവരണ ബില്ലില്‍ പിന്നോക്ക എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തണമെന്ന് ബിഎസ് പി നേതാവ് മായാവതി പറഞ്ഞു. ബില്ലിനെ പിന്തുണക്കുന്നുവെന്നും മായാവതി വ്യക്തമാക്കി. 33ന് പകരം 50 % സംവരണം നിയമസഭകളിലും ലോക്‌സഭയിലും ഏര്‍പ്പെടുത്തതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്നും മായാവതി പറഞ്ഞു.