Saturday, May 18, 2024
keralaNewspolitics

പി.സി.ജോര്‍ജിന്റെ പ്രചാരണത്തിന് എം.ജി.ശ്രീകുമാറിന്റെ പാട്ട്; ‘പൂഞ്ഞാറിന്റെ പോരാളി…’, വൈറല്‍

പിന്നണിഗായകന്‍ എം.ജി.ശ്രീകുമാര്‍ വാക്കു പാലിച്ചു. തിരഞ്ഞെടുപ്പു പ്രചാരണത്തിനു പി.സി. ജോര്‍ജിനായി അടിപൊളി തിരഞ്ഞെടുപ്പു ഗാനം നല്‍കുമെന്നായിരുന്നു എം.ജി.ശ്രീകുമാറിന്റെ വാഗ്ദാനം. സ്വകാര്യ ചാനലില്‍ എം.ജി.ശ്രീകുമാര്‍ അവതരിപ്പിക്കുന്ന ചാറ്റ് ഷോയില്‍ പി.സി.ജോര്‍ജ് അതിഥിയായി പങ്കെടുത്തപ്പോഴാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. കഴിഞ്ഞ ദിവസം മുണ്ടക്കയത്തു നടന്ന പൊതുയോഗത്തില്‍ നാടകീയമായി പി.സി.ജോര്‍ജ് തന്നെ ഈ ഗാനം റിലീസ് ചെയ്തു. പൂഞ്ഞാറിന്റെ പോരാളി എന്നു തുടങ്ങുന്ന ഗാനം ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

വികസനകാര്യങ്ങളില്‍ രാഷ്ട്രീയത്തിന് അതീതമായ നിലപാട്: പി.സി.ജോര്‍ജ്

നാടിന്റെ സമഗ്ര വികസനത്തിനു രാഷ്ട്രീയം നോക്കിയിട്ടില്ലെന്നും വികസന കാര്യങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിച്ചു മാത്രമാണു കഴിഞ്ഞ കാലങ്ങളില്‍ മുന്‍പോട്ടു പോയിട്ടുള്ളതെന്നും തുടര്‍ന്നും വികസനകാര്യങ്ങളില്‍ കക്ഷി രാഷ്ട്രീയ ജാതി ചിന്തകള്‍ക്ക് അതീതമായ നിലപാടാണു തനിക്കുള്ളതെന്നും പി.സി.ജോര്‍ജ്.കേരള ജനപക്ഷം നിയോജക മണ്ഡലം സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ.എഫ്.കുര്യന്‍ അധ്യക്ഷത വഹിച്ചു. ഷോണ്‍ ജോര്‍ജ്, റെജി ചാക്കോ, പ്രഫ. ജോസഫ് ടി. ജോസ്, ജോര്‍ജ് വടക്കന്‍, അപ്പച്ചന്‍ പുല്ലാട്ട്, ജോജോ പാമ്പാടത്ത് സെബാസ്റ്റ്യന്‍ കുറ്റിയാനി എന്നിവര്‍ നേതൃത്വം നല്‍കി.