Monday, May 13, 2024
keralaNews

ദുരിതാശ്വാസക്യാംപില്‍ കഴിയാന്‍ വിധിക്കപ്പെട്ട നാല്‍പ്പത്തിയൊന്നുകുടുംബങ്ങള്‍

മഴമാറിയിട്ടും ദുരിതാശ്വാസക്യാംപില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരാണ് ചെങ്കല്‍ പഞ്ചായത്തിലെ നാല്‍പ്പത്തിയൊന്നുകുടുംബങ്ങള്‍. ചെങ്കല്‍ സായ് കൃഷ്ണ പബ്ലിക് സ്‌കൂളിന്റെ ഹോസ്റ്റലാണ് ഇവര്‍ക്കഭയം. സ്വന്തംവീടുകളിലേക്ക് എന്ന് മടങ്ങാനാകുമെന്ന് ഒരുനിശ്ചയവുമില്ലാതെ കഴിയുകയാണിവര്‍. ചെങ്കല്‍ സായ്കൃഷ്ണ പബ്്‌ളിക് സ്‌കൂളിന്റെ ഹോസ്റ്റലില്‍ ഇപ്പോള്‍ താമസിക്കാന്‍ കുട്ടികളില്ലാത്തത് നാട്ടുകാര്‍ക്ക് അനുഗ്രഹമായി. വെള്ളംകയറിയ വീടുകളില്‍ നിന്ന് അവര്‍ ഇവിടെ അഭയം തേടി.ഞങ്ങള്‍ ക്യാംപില്‍ എത്തുമ്പോള്‍ ഉച്ചഭക്ഷണ സമയം. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഭക്ഷണവും ചികില്‍സയും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കുന്നത്. നൂറ്റിയിരുപത്തിയെട്ടുപേര്‍ ഇവിടെ കഴിയുന്നു. 35 പുരുഷന്മാര്‍, 51 സ്ത്രീകള്‍, 42 കുട്ടികള്‍. ഇതില്‍ അറുപതുകഴിഞ്ഞ ഇരുപത്തിയൊന്നുപേര്‍ ഉള്‍പ്പെടുന്നു. ആംബുലന്‍സ് സൗകര്യം ഉള്‍പ്പടെ പഞ്ചായത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യംപില്‍ സൗകര്യങ്ങളൊക്കെയുണ്ടെങ്കില്‍ എത്രയും വേഗം വീടുകളില്‍ മടങ്ങണമെന്നാണ് എല്ലാവരുടെയും ആഗ്രഹം