Tuesday, May 14, 2024
keralaNews

വിവാദത്തിനും തര്‍ക്കത്തിനും വയ്യ; ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം അംഗീകരിച്ചു

തിരുവനന്തപുരം; വിവാദത്തിനും തര്‍ക്കത്തിനും വയ്യാത്തതിനാലാണ് കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം അംഗീകരിച്ചതെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നു. വീണ്ടും നിയമിക്കുന്നതിനുള്ള നിയമ തടസ്സം, മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവിനെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ താന്‍ പരമാവധി ശ്രമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ഗവര്‍ണര്‍ പറയുന്നു. കാലാവധി നീട്ടുന്നതും പുനര്‍നിയമനവും രണ്ടാണ്. പുനര്‍നിയമനത്തിനു നടപടിക്രമം പാലിക്കണം. എന്നാല്‍ ഇക്കാര്യത്തില്‍ അഡ്വക്കറ്റ് ജനറലിന്റെ (എജി) നിയമോപദേശം ഉണ്ടെന്നാണ് എന്നോടു പറഞ്ഞത്. അതെവിടെയെന്നു ചോദിച്ചപ്പോള്‍ വെറുതെയൊരു കടലാസില്‍ എഴുതിയ കുറിപ്പാണു കാണിച്ചത്. ഇതു പറ്റില്ലെന്ന് അറിയിച്ചപ്പോള്‍ വൈകിട്ടോടെ എജിയുടെ ഒപ്പും സീലുമായി വീണ്ടുമെത്തി. തര്‍ക്കം വയ്യാത്തതിനാല്‍ അംഗീകരിച്ചു. സര്‍വകലാശാലകളുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് പ്രഫ. സി.എന്‍.ആര്‍.റാവു, ഡോ. കെ.എന്‍.പണിക്കര്‍ എന്നിവര്‍ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ കത്തിന്റെ തുടക്കം. സംസ്ഥാനത്തെ സര്‍വകലാശാലകള്‍ വാര്‍ത്തകളില്‍ നിറയുന്നത് തെറ്റായ കാരണങ്ങളുടെ പേരിലാണ്.

കഴിഞ്ഞ രണ്ടര വര്‍ഷം ചാന്‍സലറെന്ന നിലയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ നിരാശയാണു തോന്നിയത്. അക്കാദമിക് രംഗത്തിനു പുറത്തുള്ളവരാണ് അക്കാദമിക് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇത് അച്ചടക്കരാഹിത്യത്തിനു വഴി തെളിക്കുന്നു. ഈ സാഹചര്യത്തിലാണ് സര്‍വകലാശാലാ നിയമങ്ങള്‍ ഭേദഗതി ചെയ്ത് ചാന്‍സലര്‍ സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നു പറയുന്നത്. നിയമസഭ ചേരാത്ത സമയമായതിനാല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാലുടന്‍ ഒപ്പിട്ടുതരാം. ചാന്‍സലര്‍ പദവി മുഖ്യമന്ത്രിക്കു കൈമാറുന്ന കരടു നിയമം തയാറാക്കാന്‍ എജിക്കു നിര്‍ദേശം നല്‍കണമെന്നും അതിനു നിയമപരമായ മാര്‍ഗം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നും കത്തില്‍ പരിഹാസമൊളിപ്പിച്ചു പറയുന്നു. കത്തിന്റെ പകര്‍പ്പ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ.രാജന്‍ ഗുരുക്കള്‍ എന്നിവര്‍ക്കും അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാര്‍ഷിക സര്‍വകലാശാലാ ബിരുദ സമര്‍പ്പണ സമ്മേളനം ഗവര്‍ണര്‍ ബഹിഷ്‌കരിച്ചിരുന്നു.