Thursday, May 16, 2024
keralaLocal NewsNews

എരുമേലിയിൽ വീടിന് ഭീഷണിയായി നിൽക്കുന്ന ദേവസ്വം ബോർഡിന്റെ വാകമരം മുറിച്ച് മാറ്റിയില്ല .

മൂന്ന് വർഷമായി പരാതി നൽകുന്നു.

എരുമേലി:വീടിന് ഭീഷണിയായി നില്‍ക്കുന്ന വാകമരം മുറിച്ച് മാറ്റാന്‍ മൂന്ന് വര്‍ഷമായി നിരവധി പേര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടാകാതെ ദുരിതത്തിലാണ് ഈ കുടുംബം .എരുമേലി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിന് തൊട്ടുപിന്നില്‍ താമസിക്കുന്ന ഇടശ്ശേരില്‍ വേണുഗോപാലും കുടുംബവുമാണ് അധികൃതരുടെ കനിവിനായി കാത്തിരിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ വാകമരം വീടിനും,വീടിന് മുകളില്‍ കൂടി പോകുന്ന വൈദ്യുതി ലൈനും ഭീഷണിയാണെന്നും അടിയന്തിരമായി മരം മുറിച്ചു മാറ്റാന്‍ നടപടി സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ദേവസ്വം ബോര്‍ഡിന് വേണുഗോപാല്‍ പരാതി നല്‍കിയത്.എന്നാല്‍ വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും മരം മുറിച്ചു മാറ്റാന്‍ ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിച്ചില്ല.
വാകമരം വൈദ്യുതി ലൈനില്‍ വീണ് അപകടമുണ്ടാകുമെന്ന് കാട്ടി വൈദ്യുതി വകുപ്പിനും പരാതി നല്‍കി.എന്നാല്‍ ലൈന്‍ കമ്പിയില്‍ മരം മുട്ടാത്തതിനാല്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്ന് അവരും പറഞ്ഞാതായും വേണുഗോപാല്‍ പറഞ്ഞു.തുടര്‍ന്ന് പഞ്ചായത്തിനും-വില്ലേജ് അധികൃതര്‍ക്കും പരാതി നല്‍കി എന്നിട്ടും മരം മുറിച്ചു മാറ്റാന്‍ മാത്രം നടപടിയായില്ല.ഇതിനിടെ ഈമരത്തോട് ചേര്‍ന്ന് നിന്ന മരങ്ങള്‍ കടപുഴകി വീഴുകയും ഇത് വെട്ടിമാറ്റുകയും ചെയ്തു.എന്നിട്ടും വീടിന് ഭീഷണിയായി നില്‍ക്കുന്ന മരത്തിന്റെ ഒരു ശിഖിരം പോലും വെട്ടിമാറ്റാന്‍ അധികൃതര്‍ തയ്യാറായില്ല. കനത്ത മഴയും – കാറ്റും ഉണ്ടാകുന്ന ഈ കാലാവസ്ഥയില്‍ മരം ഏതു സമയത്തും ഒടിഞ്ഞു വീഴുമെന്ന ഭയത്തിലാണിവര്‍.
വീട് തകര്‍ന്ന് ജീവന്‍ നഷ്ടപ്പെടാതിരിക്കാനും,വൈദ്യുതി കമ്പി പൊട്ടിവീണ് അപകടം ഉണ്ടാകാതിരിക്കാനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ഈ കുടുംബം. എന്നാല്‍ വീടിന് ഭീഷണിയായി നില്‍ക്കുന്ന വാകമരം മുറിച്ചു മാറ്റാന്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത ദേവസ്വം ബോര്‍ഡിനെതിരെ വ്യാപകമായ പ്രതിഷേധമാണുയരുന്നത്.