Thursday, May 16, 2024
EntertainmentindiaNewspolitics

വിദ്വേഷ മത പ്രചാരണം: സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍

കന്യാകുമാരി: ഒരു മതവിഭാഗത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയില്‍ സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍. തിങ്കളാഴ്ച നാഗര്‍കോവില്‍ സൈബര്‍ ക്രൈം ഓഫീസില്‍ ചോദ്യം ചെയ്യുന്നതിനായി വിളിച്ച് വരുത്തിയ കനല്‍ കണ്ണനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജൂലൈ 1നാണ് കനല്‍ കണ്ണനെതിരെ കേസ് എടുക്കുന്നത്. ക്രിസ്തീയ വിശ്വാസത്തിനെതിരായ വിദ്വേഷ പ്രചാരണത്തിന് പേരിലാണ് അറസ്റ്റ്. ഡിഎംകെ പ്രവര്‍ത്തകന്റെ പരാതിയിലാണ് നടപടി. ട്വിറ്ററിലായിരുന്നു കനല്‍ കണ്ണന്‍ വിവാദ പരാമര്‍ശം നടത്തിയത്. കനല്‍ കണ്ണന്റെ ട്വീറ്റീലെ വീഡിയോ കൃത്രിമമാണെന്നും ക്രിസ്തീയ വിശ്വാസത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നതാണെന്നും പരാതിക്കാരനായ ഓസ്റ്റിന്‍ ബെനറ്റ് ആരോപിക്കുന്നത്. ഹിന്ദു മുന്നണിയുടെ ആര്‍ട്ട് ആന്റ് കള്‍ച്ചര്‍ വിഭാഗത്തിന്റെ പ്രസിഡന്റാണ് കനല്‍ കണ്ണന്‍. ഇത് ആദ്യമായല്ല കനല്‍ കണ്ണന്‍ വിവാദങ്ങളില്‍ കുടുങ്ങുന്നത്. 2022ല്‍ പെരിയാര്‍ ഇ വി രാമസ്വാമിയുടെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയ്‌തെന്ന പരാതിയില്‍ കനല്‍ കണ്ണന്‍ അറസ്റ്റിലായിരുന്നു. ശ്രീരംഗത്തെ ശ്രീരംഗനാഥ ക്ഷേത്രത്തിന് പുറത്തുള്ള പെരിയാര്‍ പ്രതിമ തകര്‍ക്കാനാണ് കനല്‍ കണ്ണന്‍ ഒരു പ്രസംഗ മധ്യേ ആഹ്വാനം ചെയ്തത്. ഒരു ലക്ഷത്തോളം ഹിന്ദു വിശ്വാസികള്‍ ആണ് ശ്രീരംഗനാഥര്‍ ക്ഷേത്രത്തില്‍ ആരാധനയ്ക്കായി എത്തുന്നത്. എന്നാല്‍ ക്ഷേത്രത്തിന് എതിര്‍വശത്തായി ദൈവം ഇല്ലെന്ന് പറഞ്ഞയാളുടെ പ്രതിമയാണ് സ്ഥാപിച്ചിരിക്കുന്നത് എന്നായിരുന്നു കനല്‍ കണ്ണന്‍ അന്ന് പ്രസംഗത്തില്‍ പറഞ്ഞത്. ദ്രാവിഡര്‍ കഴകം സ്ഥാപകനായ പെരിയാറിന്റെ വെങ്കല പ്രതിമ 2006ലാണ് ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ചത്. കേസില്‍ കനല്‍ കണ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഇയാള്‍ അറസ്റ്റിലായത്. നിരവധി മലയാളം, തമിഴ്, തെലുഗു, കന്നഡ ചിത്രങ്ങളില്‍ കൊറിയോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് . നിരവധി സിനിമകളിലും കനല്‍ കണ്ണന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.