Wednesday, May 15, 2024
keralaNewspolitics

വിദേശ യാത്ര കഴിഞ്ഞെത്തിയ പിണറായി വിജയനെ കരിങ്കൊടി കാട്ടി യുവമോര്‍ച്ച

കണ്ണൂര്‍:വിദേശ യാത്ര കഴിഞ്ഞെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മറ്റി കരിങ്കൊടി വീശി. ജില്ലാ പ്രസിഡന്റ് മനോജ് പൊയിലൂര്‍, ബിജെപി ജില്ലാ സെക്രട്ടറി അരുണ്‍ കൈതപ്രം, അമല്‍ വള്ളങ്ങാട് എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ന് പുലര്‍ച്ചെ വിദേശ യാത്ര കഴിഞ്ഞ് കേരളത്തിലെത്തിയ മുഖ്യമന്ത്രി വീട്ടിലേക്ക് പോകുന്നതിനിടെയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

മൂന്നാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെത്തുന്നത്. ചികിത്സക്കായി കഴിഞ്ഞമാസം 15നാണ് മുഖ്യമന്ത്രി അമേരിക്കയിലേയ്ക്ക് പുറപ്പെട്ടത്. ചികിത്സയ്ക്ക് ശേഷം 29ന് അദ്ദേഹം യുഎഇയില്‍ എത്തി വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു.

ഒന്‍പത് ദിവസമാണ് മുഖ്യമന്ത്രി യുഎഇയില്‍ ഉണ്ടായിരുന്നത്. ദുബായ് എക്സ്പോ 2020ലെ കേരള വീക്ക് അദ്ദേഹം ഉദ്ഘാടനം ചെയ്തു. യുഎഇ ഭരണാധികാരികള്‍, മന്ത്രിമാര്‍, സ്ഥാപക മേധാവികള്‍ എന്നിവരുമായെല്ലാം മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.