Friday, May 17, 2024
keralaNewspolitics

വികാരം വ്രണപ്പെടില്ല; സമസ്തയുടെ നിലപാട് പറയേണ്ടത് പത്രമല്ല; ജിഫ്രി തങ്ങള്‍

കോഴിക്കോട്: അയോധ്യയില്‍ ആര് എവിടെ പോയാലും ഞങ്ങളുടെ വികാരം വ്രണപ്പെട്ടില്ലെന്ന് സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.സുപ്രഭാതത്തിലെ മുഖ പ്രസംഗം സമസ്തയുടെ നിലപാട് അല്ലെന്നും രാഷ്ട്രീയ കക്ഷികളുടെ രാഷ്രീയ നയങ്ങളില്‍ സമസ്തക്ക് അഭിപ്രായമില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിന് സമസ്തക്ക് ഏതായാലും ക്ഷണമില്ല. ക്ഷണിച്ചാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ക്ഷണം സ്വീകരിക്കാം, അല്ലെങ്കില്‍ തള്ളാം. അത് അവരുടെ നയം. സമസ്തയുടെ നയം സമസ്തയാണ് പറയേണ്ടതെന്നും പത്രമല്ല. അയോധ്യയില്‍ ആര് എവിടെ പോയാലും ഞങ്ങളുടെ വികാരം വ്രണപ്പെട്ടില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.കോഴിക്കോട് നടന്ന സമസ്ത യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍. ക്രിസ്മസ് കേക്ക് വിവാദത്തില്‍ അടുത്ത ക്രിസ്മസിന് അഭിപ്രായം പറയാം. ആഘോഷത്തില്‍ പങ്കെടുക്കുന്നതിന് വിവിധ വശങ്ങള്‍ ഉണ്ട് .

ഒറ്റവാക്കില്‍ പറയേണ്ടതല്ല. മതവിശ്വാസത്തിനോട് എതിരാവാത്ത ഏത് ആഘോഷത്തിലും വിശ്വാസികള്‍ക്ക് പങ്കെടുക്കാം. 1989 ല്‍ സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തി ചിലര്‍ പുറത്ത് പോയി. ഇവര്‍ പുതിയ സംഘടന ഉണ്ടാക്കി സാമാന്തര പ്രവര്‍ത്തനം നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി ഇവര്‍ സമസ്ത നൂറാം വാര്‍ഷികം എന്ന പേരില്‍ ചിലര്‍ പരിപാടികള്‍ നടത്തുന്നുണ്ട്. ഇതില്‍ സമസ്തക്കോ പോഷക സംഘടനകള്‍ക്കോ ബന്ധമില്ല. ജനങ്ങള്‍ തെറ്റിദ്ധരിക്കരുത്. നൂറാം വാര്‍ഷികം ആര്‍ക്കും നടത്താം.

സമസ്തയുടേതാണ് ഔദ്യോഗിക പരിപാടി. ഇകെ അബൂബക്കര്‍ മുസ്ലിയാറുടെ ഖബര്‍ ആര്‍ക്കും സന്ദര്‍ശിക്കാം. ഇത് എപിയുടെ മടങ്ങിവരവായി കാണാം.തെറ്റ് തിരുത്തി ആര് വന്നാലും സ്വീകരിക്കും. എന്നാല്‍, ഉപാധികള്‍ ഉണ്ട്. സമസ്ത ഐക്യത്തിന്റെ വാതില്‍ അടക്കുന്നില്ലെന്നും ജനുവരി 28 ന് ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ സമസ്തയുടെ നൂറാം വാര്‍ഷിക സമ്മേളന ഉദ്ഘാടനം നടക്കുമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.