Saturday, May 18, 2024
keralaNewspolitics

പാലാ നഗരസഭയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി എല്‍ഡിഎഫ്.

 

പാലാ നഗരസഭയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി എല്‍ഡിഎഫ്. ജോസ് കെ. മാണി പക്ഷം പതിനാറിടത്തും സിപിഐ(എം) ആറിടത്തും മത്സരിക്കും. നാല് ഡിവിഷനുകള്‍ ആവശ്യപ്പെട്ടിരുന്ന സിപിഐക്ക് മൂന്നു സീറ്റുകള്‍ നല്‍കിയാണ് അനുനയിപ്പിച്ചത്. എന്‍സിപിക്ക് ഒരു സീറ്റും നല്‍കും.

കഴിഞ്ഞ തവണ ഏഴിടത്ത് മത്സരിച്ച സിപിഐയെ ഇക്കുറി രണ്ടു സീറ്റില്‍ ഒതുക്കാന്‍ ആയിരുന്നു സിപിഐഎം നീക്കം. ഒറ്റയ്ക്ക് മത്സരിക്കുമെന്ന സിപിഐ ഭീഷണി കണക്കിലെടുത്ത് എല്‍ഡിഎഫ് ജില്ലാ നേതൃത്വം വിഷയത്തില്‍ ഇടപെട്ടു. കേരള കോണ്‍ഗ്രസിനെ 16 സീറ്റില്‍ അനുനയിപ്പിക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞു. മൂന്ന് സീറ്റ് എന്ന നിര്‍ദേശത്തില്‍ സിപിഐയും വഴങ്ങി. അധികമായി ലഭിക്കുന്ന സീറ്റില്‍ കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് കൂടി സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് സിപിഐയ്ക്ക് മുന്നില്‍ എല്‍ഡിഎഫ് നിര്‍ദേശം വച്ചു.