Friday, May 17, 2024
keralaNews

വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രം; കടകള്‍ രാത്രി ഒന്‍പതു വരെ

കൊവിഡ് വ്യാപനം രൂക്ഷമാകുന്നതോടെ നിയന്ത്രണരീതികള്‍ മാറ്റി സംസ്ഥാന സര്‍ക്കാര്‍. വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കും. രോഗവ്യാപനം കുറഞ്ഞ സ്ഥലങ്ങളിലെ എല്ലാ കടകളും ആറ് ദിവസങ്ങളിലും തുറക്കാനും സാധ്യത. കൂടുതല്‍ രോഗികളുള്ള സ്ഥലത്ത് കടുത്ത നിയന്ത്രണം. തീരുമാനം ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തില്‍. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഇന്ന് സഭയില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

അശാസ്ത്രീയ ലോക്ഡൗണ്‍ മൂലം രോഗവ്യാപനം കുത്തനെ കൂടിയതോടെയാണ് നിലവിലെ നിയന്ത്രണരീതിയില്‍ മാറ്റംവരുത്തുന്നതിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ദ്ധ സമിതിയോട് നിര്‍ദേശിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ഇന്നലെ ചേര്‍ന്ന അവലോകനയോഗത്തില്‍ പുതിയ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

ശനിയാഴ്ചത്തെ ലോക്ഡൗണ്‍ ഒഴിവാക്കും. കടകള്‍ തുറക്കുന്നതിലെ നിയന്ത്രണങ്ങള്‍ മാറ്റും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലുള്ള നിയന്ത്രണങ്ങള്‍ക്ക് പകരം ഒരാഴ്ച ഒരു പ്രദേശത്തുള്ള ആകെ കൊവിഡ് രോഗികളുടെ എണ്ണം നോക്കിയാവും ഇനി നിയന്ത്രണം. നൂറോ, ആയിരമോ ആളുകളില്‍ എത്ര പേര്‍ പോസിറ്റീവ് ആണെന്ന് നോക്കിയാവും ഒരോ പ്രദേശത്തേയും കൊവിഡ് വ്യാപനം വിലയിരുത്തുക. രോഗികള്‍ കൂടുതലുള്ള സ്ഥലത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. അല്ലാത്തിടങ്ങളില്‍ കൂടുതല്‍ ഇളവുകളും ലഭിക്കും. കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി തിരിച്ച് അവ മാത്രം അടച്ചിടും. പോലീസ്, ആരോഗ്യ വകുപ്പുകളുടെ ശുപാര്‍ശ കൂടി പരിഗണിച്ചാണ് തീരുമാനം.

ഓണത്തിന് മുന്നോടിയായി വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കാത്ത പക്ഷം സാമ്പത്തികമായി വലിയ തിരിച്ചടിയുണ്ടായേക്കാമെന്ന വിലയിരുത്തലും ഉണ്ടായിട്ടുണ്ട്. ഈ മാസം ഒമ്പത് മുതല്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികളും പ്രഖ്യാപിച്ചിരുന്നു.