Sunday, May 5, 2024
indiaNews

വാരാണസി സ്‌ഫോടനം : വാലിയുല്ല ഖാന് വധശിക്ഷ.

ലക്നൗ : വാരാണസി സ്ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരന്‍ വാലിയുള്ള ഖാന് വധശിക്ഷ വിധിച്ച് കോടതി. ഗാസിയാബാദിലെ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. രണ്ട് കേസുകളിലാണ് ശിക്ഷ വിധിച്ചത്. രണ്ടാമത്തെ കേസില്‍ ജീവപര്യന്തം തടവാണ് ശിക്ഷ. സ്ഫോടന പരമ്പര കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു. തുടര്‍ന്നാണ് വിധി പറയാന്‍ ഇന്നത്തേയ്ക്ക് മാറ്റിയത്.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ വാലിയുള്ള ഖാന് ജില്ലാ സെഷന്‍സ് ജഡ്ജി ജിതേന്ദ്ര കുമാര്‍ സിന്‍ഹ ശിക്ഷ വിധിച്ചതായി ജില്ലാ ഭരണകൂടത്തിന്റെ അഭിഭാഷകന്‍ രാജേഷ് ശര്‍മ്മ പറഞ്ഞു. സുരക്ഷ കണക്കിലെടുത്ത് വിധി പ്രഖ്യാപന വേളയില്‍ കോടതിയില്‍ മാദ്ധ്യമങ്ങളെ അനുവദിച്ചിരുന്നില്ല. കനത്ത സുരക്ഷയാണ് കോടതിയില്‍ ഒരുക്കിയിരുന്നത്. കോടതി പരിസരത്ത് ഡോഗ് സ്‌ക്വാഡ് ഇടയ്ക്കിടെ തിരച്ചില്‍ നടത്തിയിരുന്നു.

2006, മാര്‍ച്ച് 7 ന് നടന്ന സ്‌ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനെയാണ് 16 വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി ശിക്ഷിക്കുന്നത്. സങ്കട് മോചന്‍ ക്ഷേത്രത്തിലും കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനിലും നടന്ന സ്‌ഫോടനങ്ങളില്‍ 20 പേരെങ്കിലും കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.മാര്‍ച്ച് 7 ന് രാവിലെ 6.15 നാണ് ആദ്യ സ്‌ഫോടനം നടന്നത്. തുടര്‍ന്ന് 15 മിനിറ്റുകള്‍ക്ക് ശേഷം റെയില്‍വേ സ്റ്റേഷനിലും സ്‌ഫോടനം നടന്നു. അതേ ദിവസം, പോലീസ് സ്റ്റേഷന് സമീപത്തെ റെയില്‍വേ ക്രോസ്സിംഗിന് സമീപം കുക്കര്‍ ബോംബും കണ്ടെത്തിയിരുന്നു. മൂന്ന് കേസുകളിലുമായി 121 സാക്ഷികളെ കോടതിയില്‍ ഹാജരാക്കി.2006 ഏപ്രിലില്‍, സ്ഫോടനക്കേസ് അന്വേഷിച്ച പ്രത്യേക ടാസ്‌ക് ഫോഴ്‌സ്, വാലിയുള്ള ഖാന് ബംഗ്ലാദേശിലെ ഭീകരസംഘടനയായ ഹര്‍കത്ത്-ഉല്‍-ജിഹാദ് അല്‍ ഇസ്ലാമിയുമായി ബന്ധമുണ്ടെന്നും സ്ഫോടനത്തിന്റെ സൂത്രധാരന്‍ ഇയാളാണെന്നും കണ്ടെത്തുകയായിരുന്നു. മറ്റ് അഞ്ച് ഭീകരരും ഇതില്‍ ഉള്‍പ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു.