Tuesday, May 14, 2024
keralaNews

വാക്‌സീന്‍ വിതരണത്തിലും ഐക്യകണേഠന പ്രമേയം പാസാക്കി നിയമസഭ

കൊവിഡ് വാക്സിന്‍ സൗജന്യവും സമയബന്ധിതവുമായി കേന്ദ്രം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഐക്യകണേഠന പാസാക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അവതരിപ്പിച്ച പ്രമേയത്തില്‍ ചെറിയ ഭേദഗതികള്‍ നിര്‍ദേശിച്ച പ്രതിപക്ഷം പിന്നീട് പൂര്‍ണമായും പിന്തുണക്കുകയായിരുന്നു.

വാക്സീന്‍ വാങ്ങാന്‍ മറ്റ് സംസ്ഥാനങ്ങളോട് കമ്പോളത്തില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടത് പ്രതിഷേധാര്‍ഹമാണെന്ന് പ്രമേയം അവതരിപ്പിച്ച് വീണാ ജോര്‍ജ് പറഞ്ഞു. പൊതുമേഖല ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ നിര്‍ബന്ധിത ലൈസന്‍സ് വ്യവസ്ഥ ഉപയോഗപെടുത്തി വാക്സിന്‍ നിര്‍മിക്കണം. ലോകാരോഗ്യ സംഘടന അടിയന്തര ആവശ്യത്തിന് അനുമതി നല്‍കിയ കമ്പനികളുടെയും യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി, യു കെ എം എച്ച് ആര്‍ എ, ജപ്പാന്‍ പി എം ഡി എ, യു എസ് എഫ് ഡി എ എന്നിവയുടെ അനുമതിയുള്ള വാക്സീന്‍ കമ്ബനികള്‍ക്കും ഇളവ് നല്‍കാമെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.
നേരത്തെ സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തെ ചൊല്ലി ചോദ്യോത്തര വേളക്കിടെ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. കൊവിഡ് പ്രതിരോധത്തിലെ വീഴ്ച അടിയന്തരമായി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എം കെ മുനീറായിരുന്നു ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയത്. എന്നാല്‍ മന്ത്രി നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ ഇത് നിഷേധിച്ചു. തുടര്‍ന്നാണ് പ്രതിപക്ഷം സഭയില്‍ ബഹളംവെച്ചത്. ഇതിന് ശേഷമാണ് ആരോഗ്യമന്ത്രി കൊവിഡ് വാക്സിന്‍ സൗജന്യമാക്കണമെന്ന പ്രമേയം ആവശ്യപ്പെട്ടു.