Saturday, April 27, 2024
keralaNews

വരുമാന നഷ്ടത്തിലും റെക്കോഡിട്ട് കെഎസ്ആര്‍ടിസി.

 

കൊവിഡ് കാലത്ത് വരുമാന നഷ്ടത്തിലും റെക്കോഡിട്ട് കെഎസ്ആര്‍ടിസി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണത്തെ പ്രതിദിന വരുമാന നഷ്ടം അഞ്ചേകാല്‍ കോടി രൂപയാണ്. കണ്ടെയ്ന്‍മെന്റ് സോണുകളിലൊഴികെ നിയന്ത്രണങ്ങളില്‍ ഇളവ് വന്നിട്ടും യാത്രാക്കാര്‍ കൂടുതലായി ബസില്‍ കയറാന്‍ മടിക്കുന്നത് വരുമാന നഷ്ടത്തിന് പ്രധാന കാരണമാണ്. ചൊവ്വാഴ്ച കെഎസ്ആര്‍ടിസിയ്ക്ക് 90,61,505 രൂപയായിരുന്നു കളക്ഷന്‍. 5312 ഷെഡ്യൂളുകളില്‍ 1626 എണ്ണം മാത്രമാണ് ഓപറേറ്റ് ചെയ്യാനായത്. കഴിഞ്ഞ ആഴ്ച ഇതേ ദിവസം 1380 ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്തപ്പോള്‍ ലഭിച്ചത് 71,13,243 രൂപ.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ലഭിച്ച വരുമാനം 6.15 കോടിയും. അതായത് വരുമാനത്തില്‍ 5.25 കോടിയുടെ കുറവ്. 4581 സര്‍വീസുകളില്‍ നിന്നാണ് ഈ വരുമാനം ലഭിച്ചതെങ്കിലും കൊവിഡ് കെഎസ്ആര്‍ടിസിക്ക് ഒരു ദിവസം വരുത്തിയ കോടികളുടെ നഷ്ടത്തിന്റെ കണക്കാണിത്.
കഴിഞ്ഞ വര്‍ഷം 16,86,612 കിലോ മീറ്റര്‍ ഓടാനായെങ്കില്‍ ഈ വര്‍ഷം ഒരു ദിവസം ഓടാന്‍ കഴിഞ്ഞതാകട്ടെ 3,89,822 കിലോമീറ്റര്‍ മാത്രം. ലോക്ക് ഡൗണിന് ശേഷം പരിമിതമായെങ്കിലും സര്‍വീസുകള്‍ ആരംഭിച്ചിട്ടും യാത്രാക്കാരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. ചൊവ്വാഴ്ച 95,791 യാത്രക്കാരാണ് കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്തത്. കഴിഞ്ഞവര്‍ഷം ഇതേ ദിവസം 3,27,518 പേര്‍ യാത്ര ചെയ്തിടത്താണ് ഈ കുറവ്. ചൊവ്വാഴ്ച ഒരു കിലോമീറ്ററില്‍ ലഭിച്ച ശരാശരി വരുമാനം 23.25 രൂപ. കഴിഞ്ഞ വര്‍ഷം 36.52 രൂപയായിരുന്നു വരുമാനം. കുറഞ്ഞത് ശരാശരി 45 രൂപയെങ്കിലും ലഭിച്ചാലേ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള വരുമാനം ലഭിക്കൂ. നിലവില്‍ സര്‍ക്കാര്‍ സഹായമായ 65 കോടിയില്‍ നിന്നാണ് ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കുന്നത്. നേരത്തെ തന്നെ സാമ്പത്തിക പ്രതിസന്ധിയില്‍ നടുവൊടിഞ്ഞ കോര്‍പറേഷന് ഈ സാഹചര്യത്തെ എങ്ങനെ അതിജീവിക്കാനാകുമെന്ന് കണ്ടറിയണം.